ബെംഗളൂരു: തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കി ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. ബെംഗളൂരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തിനിടെയാണ് സിന്ധു പോര്‍വിമാനം പറത്തിയത്. ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംപാക്റ്റ് എയര്‍ക്രാഫ്റ്റാണ് തേജസ്.

പോര്‍വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും അവര്‍ ഇതോടെ സ്വന്തമാക്കി. തേജസിന്റെ സഹ പൈലറ്റായാണ് സിന്ധു പറന്നത്. തദ്ദേശീയമായി നിര്‍മ്മിച്ച പോര്‍വിമാനം പറത്തുന്ന ആദ്യ വനിതയാകാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേട്ടം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു. ഈ ദിവസം ഒരിക്കലും മറക്കാനാവില്ലെന്നും 40 മിനിട്ടുനീണ്ട പറക്കലിനുശേഷം അവര്‍ പറഞ്ഞു.

ക്യാപ്റ്റര്‍ സിദ്ധാര്‍ഥാണ് സിന്ധുവിനൊപ്പം വിമാനം പറത്തിയത്. കരസേനാ മേധാവി ബിപിന്‍ റാവത്തും കഴിഞ്ഞ ദിവസം തേജസ് യുദ്ധവിമാനം പറത്തിയിരുന്നു. ബെംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തിലാണ് എയ്‌റോ ഇന്ത്യ പ്രദര്‍ശനം.

HAL

HAL

Content Highlights: P.V Sindhu, Tejas, HAL, AERO India, Bengaluru