ഡോണ പൗള (ഗോവ): ഗോവയുടെ പുതിയ ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റു. ഗോവ രാജ്ഭവനില്‍ ഇന്ന് 11 മണിക്ക് നടന്ന ചടങ്ങില്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സംസ്ഥാനത്തെ 33-മത് ഗവര്‍ണറാണ് ശ്രീധരന്‍ പിള്ള. മുന്‍പ് മിസോറാം ഗവര്‍ണറായിരുന്നു അദ്ദേഹം.

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രി ശ്രീ മനോഹര്‍ ഹസ്‌നോക്കര്‍, കേന്ദ്ര മന്ത്രി ശ്രീപദ് നായക്, പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ബി.ജെ.പി. ഗോവ സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ തനാവഡെ എന്നിവരും സംസ്ഥാന മന്ത്രിമാരും എം.എല്‍.എമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തില്‍ നിന്ന് യാക്കോബായ സഭാ സിനഡ് സെക്രട്ടറിയും കോട്ടയം ഭഭ്രാസനാധിപനുമായ മാര്‍ അത്താനിയോസ്, ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ബിഷപ് പുലിക്കോട്ടില്‍ ജൂലിയോസ് , മാര്‍ത്തോമ സഭാ പ്രതിനിധികളായി റവ. സിജോ എം. എബ്രഹാം, റവ. ജിനു ഡാനിയേല്‍, പെന്തക്കോസ്ത് സഭാ പ്രതിനിധി ഫാ. പി.ജെ തോമസ്,  ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി, സംസ്ഥാന നേതാക്കളായ പി.കെ കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്‍, ജി. രാമന്‍ നായര്‍, ബി.രാധാകൃഷ്ണ മേനോന്‍, പി.ആര്‍. ശിവശങ്കരന്‍ തുടങ്ങിയവരും പങ്കെടുത്തു.

Content Highlights: P.S. Sreedharan Pillai swear in as Goa Governor