ന്യൂഡൽഹി: മെഗാ വാക്സിനേഷന് പിന്നാലെ വാക്സിൻ നിരക്ക്‌ കുറഞ്ഞതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. ഇങ്ങനെയാണെങ്കിൽ എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാൾ ആഘോഷിക്കട്ടെ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

മോദിയുടെ 71-ാം ജന്മദിനമായിരുന്ന വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത് രാജ്യം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരുന്നു.  എന്നാൽ ഇതിന് പിന്നാലെ വാക്‌സിനേഷന്‍ നിരക്ക് കുറയുകയായിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ വാക്സിനേഷൻ കണക്കുകൾ പങ്കുവെച്ചു കൊണ്ടായിരുന്നു ഇരുവരും വിമർശനമുന്നയിച്ചത്.

മോദിയുടെ പിറന്നാല്‍ ദിനത്തില്‍ മാത്രം വാക്‌സിനേഷന്‍ കുത്തനെ വര്‍ധിക്കുകയും അതിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കുറഞ്ഞുവെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്.

ഒറ്റദിവസം 2.47 കോടി ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയ ചൈനയുടെ റെക്കോര്‍ഡ് പിന്തള്ളിയാണ് വെള്ളിയാഴ്ച വാക്‌സിനേഷനില്‍ ഇന്ത്യ ഒന്നാമതെത്തിയത്.

Content Highlights: P Chidambaram takes dig at govt over fall in vaccination rate