
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്താന് ഒരിക്കലും ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം. ദാവൂദിന്റെ പാകിസ്താനിലെ ഒളിയിടം സംബന്ധിച്ച വിവരങ്ങള്‍ ദേശിയ ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണം.
ദാവൂദ് പാകിസ്താനിലുണ്ടെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. എന്നാല്‍ ഇന്ത്യ കൈമാറിയ തെളിവുകളെല്ലാം പാകിസ്താന് തള്ളിക്കളയുകയാണ്. ദാവൂദ് എവിടെയാണ് ഉള്ളതെന്ന് പലതവണ സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസതാനിലും ദുബായിലുമായാണ് അയാള്‍ താമസിക്കുന്നത്. 'ദാവൂദിനെ ഒരു തളികയിലാക്കി കൈമാറുമെന്നാണോ കരുതുന്നത്. രാജ്യത്ത് ദാവൂദുണ്ടെന്ന് പാകിസ്താന് ഒരിക്കലും സമ്മതിക്കാന്‍ പോകുന്നില്ല'- ചിദംബരം പറഞ്ഞു.
ദേശീയ ചാനല്‍ ദാവൂദിന്റെ പാകിസ്താനിലെ വസതിയുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഡി-3, ബ്ലോക്ക്-4, ക്ലിഫിറ്റണ് കറാച്ചി എന്നതാണ് ദാവൂദിന്റെ വിലാസമെന്ന് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.