ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ദൈവ നിശ്ചയമാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

'മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കില്‍ അതിനു മുന്‍പുള്ള വര്‍ഷങ്ങളിലെ സാമ്പത്തികപ്രശ്‌നങ്ങളെ എങ്ങനെ വിശദീകരിക്കും. ദൈവത്തിന്റെ സന്ദേശവാഹക എന്ന നിലയ്ക്ക് ധനമന്ത്രിക്ക് അതിന് മറുപടി നല്‍കാന്‍ കഴിയുമോ? ചിദംബരം ട്വീറ്റ് ചെയ്തു. 

ജിഎസ്ടി വരുമാനത്തിലുണ്ടായ നഷ്ടത്തെ മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച രണ്ട് മാര്‍ഗനിര്‍ദേശങ്ങളും സ്വീകാര്യമല്ല. സംസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ ബാധ്യത നല്‍കിക്കൊണ്ട് സാമ്പത്തിക ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിയുകയാണ്. ഇത് വഞ്ചനയും നിയമലംഘനവുമാണെന്നും ചിദംബരം പറഞ്ഞു. 

കോവിഡ് പകര്‍ച്ചവ്യാധി ദൈവത്തിന്റെ പ്രവൃത്തിയാണെന്നായിരുന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ പരാമര്‍ശം. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി നടപ്പുവര്‍ഷം സാമ്പത്തികമായി ചുരുങ്ങും. പകര്‍ച്ചവ്യാധി ജി.എസ്.ടി. വരുമാനത്തെയും സാരമായി ബാധിച്ചെന്നും കൗണ്‍സിലിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 

മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ജി.എസ്.ടി. വരുമാനം കുറയാന്‍ കോവിഡ് കാരണമായി. കഴിഞ്ഞവര്‍ഷത്തെ ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം 1.65 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കു നല്‍കി. മാര്‍ച്ചില്‍ നല്‍കിയ 13,806 കോടി രൂപ ഉള്‍പ്പെടെയാണ് ഈ തുക. ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കാന്‍ സെസ് പിരിച്ചുകിട്ടിയത് 95,444 കോടി രൂപ മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു.

Content Highlights: P Chidambaram's Swipe At Centre