ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടതിനുശേഷം തനിക്ക് ബാക്കിയാവുന്നത് സമാധാനവും ന്യായവും സമ്മര്‍ദ്ദവും നിരാശയും ഭയവും കൂടിച്ചേര്‍ന്ന വികാരാണെന്ന് മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.
കോവിഡ്-19 ഉണ്ടാക്കാവുന്ന സാമ്പത്തിക, സാമൂഹിക പ്രത്യാഘാതത്തെ നേരിടണമെങ്കില്‍ രാജ്യത്തിന് അഞ്ച് ലക്ഷം കോടി രൂപയെങ്കിലും ആവശ്യമായി വരും. ആ നിലയ്ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 15000 കോടിയുടെ അര്‍ഥമെന്താണെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് ചിദംബരത്തിന്റെ പ്രതികരണം.
ലോക്ക് ഡൗണ്‍ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. വൈകിയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഒരിക്കലും ഇല്ലാത്തിനേക്കാള്‍ നല്ലതാണല്ലോ ഇപ്പോഴെങ്കിലുമുണ്ടായ പ്രഖ്യാപനം. ഈ തീരുമാനത്തെ പരിഹസിക്കുന്നവര്‍ അടുത്ത 21 ദിവസമെങ്കിലും നിശബ്ദരായിക്കൊണ്ട് രാജ്യത്തിന് വേണ്ടി വലിയ സഹായം ചെയ്യണമെന്നും അദ്ദേഹം ട്വീറ്റിലൂടെ അഭ്യര്‍ഥിച്ചു. എന്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും ലോക്ക് ഡൗണിനെ പിന്തുണയ്ക്കുക എന്നതാണ് ഇപ്പോള്‍ ഓരോ പൗരനും ചെയ്യാവുന്ന ശരിയായ കാര്യം.
പ്രധാനമന്ത്രിയുടെ തീരുമാനം ഒരു വിടവ് ബാക്കിയാക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഒരു വിഭാഗം പാവപ്പെട്ട ജനങ്ങള്‍ക്ക് ആര് 21 ദിവസത്തേക്ക് സാമ്പത്തിക സഹായം നല്‍കും ?
ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ദരിദ്രര്‍, ദൈനംദിന തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവരുടെ പോക്കറ്റുകളില്‍ പണം വയ്ക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മനസിലാക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. അതേസമയം പാക്കേജ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, മറ്റ് മേഖലകളിലെ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഏപ്രില്‍ ഒന്നു മുതല്‍ കര്‍ഷകര്‍ എങ്ങനെ വിളവെടുക്കും എന്നുതുടങ്ങിയ കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന അഭിപ്രായം നേരത്തെ തന്നെ പി ചിദംബംരം ഉന്നയിച്ചിരുന്നു. ദേശീയ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. വിലപ്പെട്ട സമയം നമ്മള് നഷ്ടപ്പെട്ടിരിക്കുന്നു, ലോക്ക് ഡൗണിന്റെ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ ഒരു വലിയ സാമ്പത്തിക ചിലവ് ഉണ്ടാകും. സര്‍ക്കാരിന് അഞ്ചു ലക്ഷം കോടി രൂപ വരെ കണ്ടെത്തേണ്ടി വന്നേക്കാം. ഈ പണം ഉപയോഗിച്ച്, ദരിദ്രര്‍ക്ക് - പ്രത്യേകിച്ച് ദൈനംദിന തൊഴിലാളികള്‍, സ്വയംതൊഴില്‍, കാര്‍ഷിക തൊഴിലാളികള്‍ മുതലായവയ്ക്ക് പ്രതിമാസത്തില്‍ ധനസഹായം നല്‍കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എക്കണോമിക് ടാസ്ക് ഫോഴ്സ് രൂപവത്കരിക്കുന്നതിലെ കാലതാമസത്തെ ചോദ്യം ചെയ്ത് നേരത്തേയും അദ്ദേഹം രംഗത്തെത്തിയിരുന്നു. 'പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് നാലു ദിവസങ്ങള്‍ക്ക് ശേഷവും വാഗ്ദാനം ചെയ്ത ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന വാര്‍ത്തയിലേക്കാണ് ഉണര്‍ന്ന'തെന്നായിരുന്നു ചിദംബരം നേരത്തെ ട്വീറ്റ് ചെയ്തത്.
Content Highlights: Coronavirus: P. Chidambaram questions govt over delay in set up of economic task force
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..