പി. ചിദംബരം, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ | File Photo: PTI
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുലിനെ ശിക്ഷിക്കാനുള്ള നടപടികളും പിന്നാലെ അയോഗ്യനാക്കാനുണ്ടായ നീക്കവും നിയമം നിയമത്തിന്റെ വഴിയിലല്ല നീങ്ങിയതെന്ന് സൂചിപ്പിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ പി. ചിദംബരം. വാക്കാലുള്ള അപകീര്‍ത്തി പരാമര്‍ശത്തിന് തന്റെയറിവില്‍ രാജ്യത്ത് ആദ്യമായാണ് കോടതി പരമാവധി ശിക്ഷവിധിക്കുന്നതെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള ഉത്തരവില്‍ ഉത്തരവാദിത്തപ്പെട്ട ആരും ഒപ്പിവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരായ നീക്കങ്ങള്‍ വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. വിധി വന്നപ്പോള്‍ തന്നെ ഇത് പ്രതീക്ഷിച്ചിരുന്നു. നിയമം അതിന്റെ വഴിക്കല്ല നീങ്ങിയത്. രണ്ടുവര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ ജനപ്രതിനിധികള്‍ 'അയോഗ്യനായി' എന്നല്ല നിയമത്തിലുള്ളത്. 'അയോഗ്യനാക്കാം' എന്നാണ്. അയോഗ്യനാക്കിയുള്ള ഉത്തരവില്‍ രാഷ്ട്രപതിയോ, തിരഞ്ഞെടുപ്പ് കമ്മീഷനോ, സ്പീക്കറോ ഒപ്പുവെക്കണം. അതുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'രാഹുലിനെതിരായ കേസിന്റെ നടത്തിപ്പില്‍ പാര്‍ട്ടിക്ക് വീഴ്ചപറ്റിയിട്ടില്ല. കേസ് അതിവേഗനടപടികള്‍ക്ക് വിട്ടപ്പോള്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണ്ണമായ തയ്യാറെടുപ്പ് നടത്തിയിരുന്നു. സൂറത്ത് കോടതി വിധിയെ ജില്ലാ കോടതിയില്‍ ചോദ്യം ചെയ്യും. അതിന് മുകളില്‍ ഹൈക്കോടതിയും സുപ്രീംകോടതിയുമുണ്ട്. എന്റെ വാക്ക് കുറിച്ചുവെച്ചോളൂ, അന്തിമമായി രാഹുലിന് നീതി ലഭിക്കും', പി. ചിദംബരം പറഞ്ഞു. ഇന്ത്യാടുഡേ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
Content Highlights: p chidambaram on surat court conviction and disqualification of rahul gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..