ബെംഗളൂരു: ഓക്‌സിജന്റെ അഭാവം മൂലം കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ 36 രോഗികള്‍ മരിച്ചതായി കര്‍ണാടക ഹൈക്കോടതി നിയമിച്ച പ്രത്യേക സമിതി കണ്ടെത്തി. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് ഈ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനിടെ പ്രത്യേക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നിഷേധിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍ അശ്വത് നാരായണന്‍ രംഗത്തെത്തി. ഓക്സിജന്റെ കുറവ് കാരണമല്ല ഈ മരണങ്ങള്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

''ചാമരാജനഗര്‍ ജില്ലാ ആശുപത്രിയുടെ അശ്രദ്ധ ഓക്‌സിജന്‍ ക്ഷാമമായി പ്രതിഫലിപ്പിക്കാന്‍ കഴിയില്ല. അതത് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അശ്രദ്ധയുടെ ഫലമായിട്ടാണ് ഇത് സംഭവിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ, ഞങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണം നല്ലരീതിയില്‍ നടപ്പാക്കാന്‍ സാധിച്ചിരുന്നു.'', സി.എന്‍ അശ്വത് നാരായണന്‍ പറഞ്ഞു. ഓക്‌സിജന്റെ കുറവാണോ അതോ അശ്രദ്ധയാണോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 4 നും മെയ് 10 നും ഇടയില്‍ ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത 62 മരണങ്ങളില്‍ 36 പേര്‍ മരണമടഞ്ഞത് ഓക്‌സിജന്റെ അഭാവം മൂലമാണെന്ന് ഹൈക്കോടതി രൂപീകരിച്ച കര്‍ണാടക സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സംസ്ഥാനതല സമിതി കണ്ടെത്തിയിരുന്നു. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എ. വേണുഗോപാല ഗൗഡയായിരുന്നു സമിതിയുടെ തലവന്‍. മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ എന്‍ കേശവനാരായണ, എസ്. ടി രമേശ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരുന്നു.

''സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായിരുന്നില്ല. പല സ്ഥലങ്ങളിലും ഓക്‌സിജന്‍ സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം അടിസ്ഥാനപരമായ വെല്ലുവിളികള്‍ ഉണ്ടായിരുന്നെങ്കിലും ഓക്‌സിജന്‍ ലഭ്യമായിരുന്നു.'', അശ്വത് നാരായണന്‍ പറയുന്നു.

രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഒരിടത്തും ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്റെ (എല്‍എംഒ) അഭാവം മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമായിരുന്നു കേന്ദ്രത്തിന്റെ മറുപടി. കോവിഡ് 19 കേസുകളും മരണങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും കേന്ദ്രം പറഞ്ഞിരുന്നു.

 

Content Highlights: Oxygen shortage killed 36 in Karnataka hospital says high court panel