കാൺപുരിലെ എൽഎൽആർ ആശുപത്രിയിൽ കിടക്കകളും മെഡിക്കൽ ഓക്‌സിജനും പങ്കിടുന്ന കോവിഡ് -19 രോഗികൾ | Photo:PTI
ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. വാക്‌സിനിലൂടെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാന്‍ കഴിയുമെന്ന രാജ്യത്തിന്റെ ആത്മവിശ്വാസത്തെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് എങ്ങും. ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു, പുറത്ത് സ്വകാര്യ വാഹനങ്ങളിലും ആംബുലന്‍സിലും കാത്തുകിടക്കുന്ന അടിയന്തര ചികിത്സ ആവശ്യമുളള രോഗികള്‍, ശ്മശാനങ്ങളില്‍ സംസ്‌കാരചടങ്ങുകള്‍ക്കായി ഊഴം കാത്ത് കിടക്കുന്ന മൃതദേഹങ്ങള്‍...
രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ പ്രാണവായുവില്ലാതെ, കിടക്കകളില്ലാതെ, വെന്റിലേറ്റര്‍ സംവിധാനങ്ങളില്ലാതെ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ കിതച്ചു തുടങ്ങിയിരിക്കുന്നു. 24,28,616 സജീവ രോഗികളാണ് ഇന്ന് ഇന്ത്യയിലുളളത്,
ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ 24 മണിക്കൂറിനിടയില്‍ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 രോഗികള്‍ മരിച്ചെന്ന വാര്‍ത്തയുമായാണ് ഇന്ന് നേരം പുലര്‍ന്നത്. രണ്ടു മണിക്കൂര്‍ നേരത്തേക്കുളള ഓക്‌സിജന്‍ മാത്രമേ അവശേഷിക്കുന്നുളളൂവെന്നും 60 രോഗികളുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തരമായി ഓക്‌സിജന്‍ എത്തിക്കണമെന്നുമുളള ആശുപത്രി ഡയറക്ടറുടെ അഭ്യര്‍ഥനയ്ക്ക് പിറകേ ഓക്‌സിജന്‍ ടാങ്കറുകള്‍ പാഞ്ഞു.
ബുധനാഴ്ച നാസിക്കിലെ ഡോ. സക്കീര്‍ ഹുസൈന്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ചോര്‍ച്ചയെ തുടര്‍ന്ന് മതിയായ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന 24 രോഗികളാണ്. മധ്യപ്രദേശില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊളളയടിക്കപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി.
'കിടക്കകളില്ല, ഓക്‌സിജനില്ല. മറ്റു പ്രശ്‌നങ്ങളെല്ലാം രണ്ടാമത്തേതാണ്.' അശോക സര്‍വകലാശാലയിലെ വൈറോളജിസ്റ്റും ത്രിവേദി സ്‌കൂള്‍ ഓഫ് ബയോ സയന്‍സസ് ഡയറക്ടറുമായ ഷാഹിദ് ജമീല്‍ പറയുന്നു. ലഖ്‌നൗ മുതല്‍ ഡല്‍ഹി വരെ നിരവധി ആശുപത്രികളാണ് ഓക്‌സിജന്‍ കഴിഞ്ഞതായി കാണിച്ച് നോട്ടീസ് പതിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ആറ് ആശുപത്രികളില്‍ പൂര്‍ണമായും ഓക്‌സിജന്‍ തീര്‍ന്നതായി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ ക്ഷാമമുളളതിനാല്‍ തന്നെ പല ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നില്ല.

ഒരാഴ്ച മുമ്പാണ് ഇന്ത്യയിലെ ഓക്‌സിജന്‍ ഉല്പാദനത്തിന്റെ അറുപത് ശതമാനത്തില്‍ താഴെ മാത്രമാണ് രാജ്യം ഉപയോഗിക്കുന്നതെന്ന പ്രസ്താവന കേന്ദ്രം നടത്തിയത്. രാജ്യത്ത് പ്രതിദിനം 7127 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഉല്പാദിപ്പിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കിയത്. ഓക്‌സിജന്‍ ഉപയോഗത്തിന്റെ കൃത്യമായ കണക്കും വിവരിച്ചിരുന്നു. ഏപ്രില്‍ 12-ന് രാജ്യത്തിന്റെ ഓക്‌സിജന്‍ ഉപയോഗം 3842 മെട്രിക് ടണ്‍ ആയിരുന്നു. അതായത് ഉല്പാദനത്തിന്റെ 54 ശതമാനം മാത്രം. ഇതിനുപുറമേ 50,000 മെട്രിക് ടണ്‍ അധിക സ്റ്റോക് ഉണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടിരുന്നു.
7127 മെട്രിക് ടണ്‍ ഓക്‌സിജനില്‍ വലിയൊരു ഭാഗവും നിര്‍മിക്കുന്നത് ഉയര്‍ന്ന ശുദ്ധതയുളള ഓക്‌സിജന്‍ നിര്‍മിക്കുന്ന ക്രയോജനിക് എയര്‍ സെപ്പറേറ്റര്‍ യൂണിറ്റുകളിലാണ്. ഇങ്ങനെ ഉല്പാദിപ്പിക്കുന്നവയില്‍ എല്ലാം മെഡിക്കല്‍ ഉപയോഗത്തിനായുളളതല്ല. ഇതില്‍ പ്രധാന ഭാഗം വ്യാവസായിക ആവശ്യത്തിനുളളതാണ്.
മെഡിക്കല്‍ ഇതര ആവശ്യങ്ങള്‍ക്കായി (ഫാര്‍മസ്യൂട്ടിക്കല്‍, പെട്രോളിയം റിഫൈനറികള്‍, ന്യൂക്ലിയര്‍ എനര്‍ജി ഫസിലിറ്റീസ്, സ്റ്റീല്‍ പ്ലാന്റുകള്‍ തുടങ്ങി ചില മേഖലകള്‍ക്കൊഴികെ) ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഏപ്രില്‍ 18-ന് കേന്ദ്രം ഉത്തരവിറക്കിയിരുന്നു. ഓക്‌സിജന്‍ വിതരണം ഇപ്പോഴും തുടരുന്ന മെഡിക്കല്‍ ഇതര മേഖലകള്‍ക്ക് 2500 മെട്രിക് ഓക്‌സിജനാണ് ആവശ്യമായി വരുന്നത്. അങ്ങനെ വരുമ്പോള്‍ 4600 മെടിക് ടണ്ണോളം ഓക്‌സിജനാണ് മെഡിക്കല്‍ ഉപയോഗത്തിനായി ലഭിക്കുന്നത്. ഏപ്രില്‍ 12-ന് രാജ്യത്തിന്റെ ഓക്‌സിജന്‍ ഉപയോഗം 3842 മെട്രിക് ടണ്‍ ആയിരുന്നു. അന്ന് സജീവ രോഗികള്‍ 12,64,000 എണ്ണമായിരുന്നെങ്കില്‍ ഇന്നത് 24,28,616 ആയി ഉയര്‍ന്നിരിക്കുകയാണ്.

ഏപ്രില്‍ 21-ന് രാജ്യത്തിന്റെ ഓക്‌സിജന്‍ ആവശ്യകത 8000 മെട്രിക് ടണ്‍ ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബുധനാഴ്ച ഓക്‌സിജന്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും എല്ലാം മെഡിക്കല്‍ ആവശ്യത്തിനായി മാറ്റിവെക്കണമെന്നും ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇപ്രകാരം വിതരണം തടഞ്ഞതിലൂടെ 3,300 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി ലഭ്യമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പ്രസ്താവിച്ചിരുന്നു. എങ്കില്‍ കൂടി നിലവിലെ ഉപയോഗത്തിന് ആവശ്യമായ ഓക്‌സിജന്‍ ഇപ്പോഴും ലഭ്യമല്ല. ഈ അന്തരം നികത്താനായി കരുതലായുളള അമ്പതിനായിരം ടണ്‍ ഓക്‌സിജന്‍ ഉപയോഗിക്കുകയാണെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ തന്നെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകും.
ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന 80 ശതമാനം ഓക്‌സിജനും മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഒഡീഷ, തമിഴ്‌നാട്, കര്‍ണാടക, കേരള, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ സ്വന്തമായി ഓക്‌സിജന്‍ ഉല്പാദനം നടക്കുന്നില്ല. സ്വന്തമായി ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ കേസുകള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ചില സംസ്ഥാനങ്ങള്‍ മറ്റുസംസ്ഥാനങ്ങളിലേക്കുളള കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ഓക്‌സിജന്‍ ഉല്പാദനശേഷിയില്‍ നാലാംസ്ഥാനത്തുളള ഒഡീഷയില്‍ നിലവില്‍ ഓക്‌സിജന്‍ ആവശ്യകത കുറവാണ്. എന്നാല്‍ ഇവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. 'മറ്റുളളവര്‍ക്ക് വിതരണം ചെയ്യാനുളള ഓക്‌സിജന്‍ ഉണ്ടെങ്കിലും എത്തിക്കാന്‍ ആവശ്യമായ ടാങ്കറുകള്‍ ഇല്ല എന്നതാണ് പ്രശ്നം. അതുകൊണ്ട് സര്‍ക്കാര്‍ ഇപ്പോള്‍ നൈട്രജന്‍, ആഗോണ്‍ ടാങ്കറുകള്‍ ഓക്‌സിജന്‍ ടാങ്കറുകളാക്കി മാറ്റുന്നു.' സംസ്ഥാനത്തെ ഓക്‌സിജന്‍ വിതരണത്തിനുള്ള നോഡല്‍ ഓഫീസര്‍ റുവാബ് അലി പറഞ്ഞു. ഇനി എത്തിച്ചാല്‍ തന്നെ സ്‌റ്റോറേജിനുളള സംവിധാനങ്ങളും കുറവാണ്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം വേഗത്തിലായതിനാല്‍ തയ്യാറെടുക്കാന്‍ സമയം ലഭിച്ചില്ലെന്നും അതും ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്നും ഉല്പാദകര്‍ പറയുന്നു.
ഇതിനൊരു പരിഹാരമായി സ്വന്തമായി ഓക്‌സിജന്‍ നിര്‍മിക്കാന്‍ കഴിയുന്ന പ്രഷര്‍ സ്വിങ് അബ്‌സോര്‍ഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി നൂറ് ആശുപത്രികളെ കണ്ടെത്താനുളള ശ്രമത്തിലാണ് എംപവേര്‍ഡ് ഗ്രൂപ്പ്. (ഏപ്രില്‍ 22ന് പിഎംഒ രൂപീകരിച്ചതാണ് എംപവേഡ് ഗ്രൂപ്പ്. വിവിധ മന്ത്രാലയങ്ങളില്‍ നിന്നുളള ഉദ്യോഗസ്ഥരും വിദഗ്ധരുമടങ്ങുന്നതാണ് ഈ സംഘം)ഇത് ഗതാഗതചെലവ്, വിതരണം ചെയ്യുന്നതിലെ കാലതാമസം എന്നിവ കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതുകൂടാതെ 162 പിഎസ്എ പ്ലാന്റുകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പത്തുദിവസത്തേക്കാവശ്യമായ ഓക്‌സിജന്‍ സംഭരിക്കാന്‍ ശേഷിയുളള വലിയ സംഭരണ ടാങ്കുകള്‍ നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിതരണം വേഗത്തിലാക്കുന്നതിനായി റെയില്‍വേ, വ്യോമഗതാഗതം എന്നിവയെ ആശ്രയിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഓക്‌സിജന്‍ പാഴാക്കുന്നതിനെതിരേയും അനാവശ്യ ഉപയോഗത്തിനെതിരേയും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നുമുണ്ട്.
രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതോടെ ചൈന, റഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യക്ക് ഓക്‌സിജന്‍ അത്യാവശ്യമാണ് എന്ന ഹാഷ്ടാഗാണ് പാകിസ്താന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങില്‍ മുന്നില്‍. അയല്‍രാജ്യത്തെ സഹായിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് പാക് ജനത അഭ്യര്‍ഥിക്കുന്നതായ വാര്‍ത്തയും പുറത്തുവന്നുകഴിഞ്ഞു.
Courtesy:Scroll
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..