ല്‍ഹി റെയ്‌സീന റോഡിലെ യൂത്ത് കോണ്‍ഗ്രസ് കണ്‍ട്രോള്‍ റൂമില്‍ ഫോണുകള്‍ നിര്‍ത്താതെ ബെല്ലടിക്കുകയാണ്. പത്തോളം പേര്‍ ഈ ഫോണ്‍വിളികള്‍ക്ക്‌ മറുപടിയും തുടര്‍ന്നുള്ള നിര്‍ദേശങ്ങളും നല്‍കുന്നു. കുറച്ചുപേര്‍ ട്വിറ്റര്‍ നിരന്തരം റീഫ്രഷ് ചെയ്തുകൊണ്ടിരിക്കുകയാണ്. മറ്റു ചിലരാകട്ടെ ഡല്‍ഹിയിലെയും മറ്റു ആശുപത്രികളിലെ ബെഡുകളും മറ്റു സൗകര്യങ്ങളും  നിരന്തരം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രാണവായുവിനും അവശ്യമരുന്നിനും വേണ്ടിയുള്ള ആയിരക്കണക്കിന് മനുഷ്യരുടെ അഭ്യര്‍ത്ഥനകളാണ് ദിവസം ഇത്തരത്തില്‍ പല വഴികളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. വരുന്ന അഭ്യര്‍ത്ഥനകള്‍ ഫീല്‍ഡിലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്കും മറ്റു കൈമാറികൊണ്ടിരിക്കുന്നു. 

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിന്റെ ചെറുസൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളാണിത്. രാജ്യത്തിന്റെ 'ഓക്‌സിജന്‍ മാന്‍' എന്നാണ്‌ ഇപ്പോള്‍ ശ്രീനിവാസ് അറിയപ്പെടുന്നത്. പ്രാണന്‍ നിലനിര്‍ത്താന്‍ ആയിരങ്ങളെ സഹായിച്ചതോടെയാണ് ശ്രീനിവാസിന് ആ പേര് ലഭിച്ചിരിക്കുന്നത്‌. ഡല്‍ഹിയിലെ എല്ലാ ജില്ലകളിലും ശ്രീനിവാസ് സന്നദ്ധപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. അവിടങ്ങളിലെ ആശുപത്രികളിലെ ഓക്‌സിജന്‍, ബെഡ് വിവരങ്ങള്‍ ഒക്കെ അപ്പപ്പോള്‍ വളണ്ടിയര്‍മാര്‍ ലഭിക്കും. രാഷ്ട്രീയ മതഭേദമന്യേയാണ് ശ്രീനിവാസിന്റേയും സംഘത്തിന്റെയും പ്രവര്‍ത്തനം.

ഐ.സി.യു. കിടക്കകള്‍, ഓക്‌സിജന്‍ കിടക്കകള്‍, സിലിണ്ടറുകള്‍, അവശ്യമരുന്നുകള്‍, ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച, ശവസംസ്‌കാരത്തിനുള്ള സഹായം എന്നിങ്ങനെ ഓരോന്നിനും ഓരോ വിഭാഗം വളണ്ടിയര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഏത് രീതിയിലുള്ള സഹായമാണോ ആളുകള്‍ തേടുന്നത്, അതിനനുസൃതമായി ശ്രീനിവാസ് ഈ വിഭാഗങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന ഇവരുടെ പ്രവര്‍ത്തനം പുലര്‍ച്ച നാലു മണിയോടെയാകും പലദിവസങ്ങളിലും അവസാനിക്കുന്നത്‌.  ബി.വി. ശ്രീനിവാസിനെ പോലുള്ള ആളുകളെയാണ് ഈ രാജ്യത്തിന് ആവശ്യമെന്നാണ് ബോളിവുഡ് നടന്‍ സോനു സൂദ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാതൃക സൃഷ്ടിക്കുന്ന ശ്രീനിവാസിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് അപ്രതീക്ഷിതമാണ്. കര്‍ണാടക സ്വദേശിയാണ് ശ്രീനിവാസ്. സമര്‍ത്ഥനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അദ്ദേഹം അണ്ടര്‍19 ക്രിക്കറ്റില്‍ കര്‍ണാടകയെ പ്രതിനിധീകരിച്ചിരുന്നു. 2003-ലെ ഒരു മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റതോടെയാണ് ക്രിക്കറ്റ് ജീവിതത്തോട് ശ്രീനിവാസിന് ഗുഡ്‌ബൈ പറയേണ്ടി വന്നത്. എന്നാല്‍ രാഷ്ട്രീയ രംഗത്ത് വ്യത്യസ്തമായ ഒരു റോള്‍ അദ്ദേഹം കാത്തിരുന്നു. ഇപ്പോള്‍ രാജ്യതലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിക്കുന്ന വ്യക്തിയാണ് ശ്രീനിവാസ്.

'എന്റ സഹപ്രവര്‍ത്തകര്‍ പറയുന്നത് ക്രിക്കറ്റിന്റെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമാണെന്നാണ്. പക്ഷേ ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. കണ്ണിന് പരിക്കേറ്റതിനു പിന്നാലെ എന്‍.എസ്.യുവില്‍ ചേര്‍ന്നു. അവിടെനിന്ന് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. താമസിയാതെ തന്നെ പ്രവര്‍ത്തനം കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞു. 2006-ല്‍ തന്നെ യൂത്ത് കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നു' ശ്രീനിവാസ് പറഞ്ഞു.

കര്‍ണാടക ശിവമോഗയിലെ ഭദ്രവതിയിലുള്ള ഒരു റെയില്‍വേ ജീവനക്കാരന്റെ മകനായാണ് ശ്രീനിവാസിന്റെ ജനനം. ശ്രീനിവാസിന്റെ സ്‌കൂള്‍ പഠനകാലത്ത് തന്നെ പിതാവ് മരിച്ചു. റെയില്‍വേയില്‍ തന്നെ ചേരണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാല്‍ രാഷ്ട്രീയക്കാരനാകാന്‍ വേണ്ടി ശ്രീനിവാസ് ബെംഗളൂരുവിലെ നാഷണല്‍ കോളേജില്‍ ചേര്‍ന്നു.

2010-ല്‍ ഹിന്ദ്വത്വപ്രത്യയ ശാസ്ത്ര നേതാവായിരുന്ന പ്രമോദ് മുത്തലഖിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിലൂടെയാണ് ശ്രീനിവാസ് ശ്രദ്ധനേടുന്നത്. പ്രക്ഷോഭത്തിന് നേരെ പോലീസിന്റെ ശക്തമായ നടപടിയുണ്ടായി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് ശ്രീനിവാസ് കടന്നുവന്നു. പ്രക്ഷോഭം പിന്നീട് ഡല്‍ഹിയിലേക്ക് മാറി. 2019-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് കേശവ് ചന്ദ് യാദവ് രാജിവെച്ചതോടെയാണ് ശ്രീനിവാസ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. ആദ്യം താത്കാലിക ചുമതലയായിരുന്നു ശ്രീനിവാസിന്. കോവിന്റെ ആദ്യ തരംഗത്തില്‍ തന്നെ ശ്രീനിവാസിന്റെ സന്നദ്ധപ്രവര്‍ത്തനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് രാഹുല്‍ ഗാന്ധി ഇടപ്പെട്ട് ശ്രീനിവാസിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സ്ഥിരപ്പെടുത്തിയത്.

കോവിഡ് പ്രതിസന്ധി രൂക്ഷമായ എല്ലാ സംസ്ഥാനങ്ങളിലും ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഡല്‍ഹിയിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. 

content highlights:oxygen man-Srinivas BV, The Man Tagged In Thousands Of SOS Calls