ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വ്യാവസായിക ആവശ്യത്തിനായി വിതരണം ചെയ്യുന്ന ഓക്‌സിജന്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താന്‍ നിർദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ നീക്കം. 

കോവിഡ് ബാധിച്ച രോഗികളുടെ ചികിത്സയില്‍ ഓക്‌സിജന്‍ ഒരു നിര്‍ണായക ഘടകമാണ്. എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യവും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. 

ഫാര്‍മസ്യൂട്ടിക്കല്‍, പെട്രോളിയം റിഫൈനറികള്‍, സ്റ്റീല്‍ പ്ലാന്റുകള്‍, ഓക്‌സിജന്‍ സിലിണ്ടര്‍ നിര്‍മ്മാതാക്കള്‍, മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ അടക്കം ഒന്‍പത് വ്യവസായങ്ങളെ ഈ നിർദേശത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. 

മഹാരാഷ്ട്ര, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്റെ കുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹി രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സംസ്ഥനത്തിന്റെ ക്വാട്ട മറ്റ് സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ച് വിട്ടതായും ആരോപിച്ചിരുന്നു. 

രോഗികള്‍ക്ക് വേഗത്തില്‍ ഓക്സിജന്‍ എത്തിക്കാനായി ഗ്രീന്‍ കോറിഡോര്‍ ഉപയോഗിച്ച് ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ലിക്വിഡ് മെഡിക്കല്‍ ഓക്സിജനും (എല്‍എംഒ) ഓക്സിജന്‍ സിലിണ്ടറുകളും ഈ ട്രെയിനുകള്‍ വഴി എത്തിക്കും.

Content Highlights: Oxygen For Industrial Use To Be Diverted For Covid Patients Amid Spike