ന്യൂഡൽഹി: സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമം പരിഹരിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മൂന്ന് മാസത്തിനകം ഡൽഹിയിലെ മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിൻ നൽകുമെന്നും കെജ്രിവാൾ വ്യക്തമാക്കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.

നിലവിൽ ഡൽഹിയിൽ ഓക്സിൻ ദൗർലഭ്യമില്ല. രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാനായി മതിയായ ഓക്സിജൻ കിടക്കകൾ സജ്ജീകരിക്കേണ്ടതുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. ദിവസേന ഡൽഹിയിലെ രണ്ട്-നാല് വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കാൻ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർക്കും നിർദേശം നൽകി. ഉപമുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു.

കോവിഡിന്റെ മൂന്നാം തരംഗത്തെ മറികടക്കാൻ അടുത്ത മൂന്ന് മാസത്തിനകം അർഹരായ എല്ലാവർക്കും വാക്സിൻ നൽകാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഡൽഹിയിലെ മുഴുവൻ മാധ്യമപ്രവർത്തകർക്കും സൗജന്യമായി വാക്സിൻ നൽകാൻ മാധ്യമസ്ഥാപനങ്ങളിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ ഒരുക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

മെഡിക്കൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കൂടുതൽ ഓക്സിജൻ വിഹിതം ലഭിക്കാൻ കേന്ദ്രവുമായി ഡൽഹി സർക്കാർ ഒരാഴ്ചയിലേറെയായി നിയമപോരാട്ടത്തിലായിരുന്നു. ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,832 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 341 പേർ കോവിഡ് ബാധിച്ച് മരിച്ചു. 24.92 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 91,000ത്തിലേറേ പേർ നിലവിൽ ചികിത്സയിലുണ്ട്.

content highlights:Oxygen Crisis Over, Delhi To Get Vaccinated In 3 Months: Arvind Kejriwal