ന്യൂഡല്‍ഹി: ഓക്സ്ഫഡ് വാക്സിന്‍  കോവിഷീല്‍ഡിന് ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച വൈകീട്ടോടെ ഓര്‍ഡര്‍ ലഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോസിന് 200 രൂപയ്ക്കാവും വാക്‌സിന്‍ നല്‍കുക. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ അയച്ചു തുടങ്ങുമെന്നും എസ്‌ഐഎ വ്യക്തമാക്കിയിട്ടുണ്ട്.

'ഓരോ ആഴ്ചയും പത്തുലക്ഷത്തോളം ഡോസ് കോവിഷീല്‍ഡ് വിതരണം ചെയ്യും. 1.1 കോടി ഡോസുകള്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്തേക്കും',  ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി 16 ന് ആദ്യഘട്ട വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

കൊറോണ വൈറസിനെതിരായ ഓക്സ്ഫോര്‍ഡ്-അസ്ട്രസെനെക്ക വാക്സിന്‍, 'കോവിഷീല്‍ഡ്', ഭാരത് ബയോടെക്കിന്റെ  'കോവാക്സിന്‍' എന്നിവ അടിയന്തരമായി ഉപയോഗിക്കാനുള്ള അനുമതി ഈ മാസം ആദ്യം സര്‍ക്കാര്‍ നല്‍കിയിരുന്നു.

 

വാക്സിന് സ്വകാര്യ വിപണിയില്‍ ഒരു ഡോസിന് 1,000 രൂപയായിരിക്കും നിരക്കെന്നും സര്‍ക്കാരിന് ഒരു ഡോസിന് 250 രൂപയ്ക്ക് ലഭ്യമാകുമെന്നുമാണ് സെറം ചീഫ് എക്സിക്യൂട്ടീവ് അദാര്‍ പൂനവാല അന്ന് അറിയിച്ചിരുന്നത്. ഈ തുകയിലാണ് കുറവ് വന്നിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉള്‍പ്പെടെയുള്ള മുന്‍നിര പോരാളികള്‍, 50 വയസ്സിനു മുകളിലുള്ളവര്‍, രോഗാവസ്ഥയുള്ളവര്‍ എന്നിവര്‍ ഉള്‍പ്പെടെ 30കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.

content highlights: Oxford Vaccine Costs Rs 200 A Vial, Govt ready forPurchase