
പ്രതീകാത്മക ചിത്രം | Photo: JUSTIN TALLIS | AFP
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് പ്രതിരോധ വാക്സിന് ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ച കൊവിഷീല്ഡായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഷീല്‍ഡിന് അടുത്ത ആഴ്ച്ചയോടെ ഇന്ത്യയില്‍ അടിയന്തരാനുമതി നല്‍കിയേക്കുമെന്നാണ് വിവരം. ബ്രിട്ടനില്‍ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ ഇന്ത്യയിലും അനുമതി നല്‍കിയേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഓക്സ്ഫഡ് വാക്സിന് ബ്രിട്ടനിലെ ഡ്രഗ് റഗുലേറ്റര്‍ അംഗീകാരം നല്കി കഴിഞ്ഞാല്‍, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്‍ഗനൈസേഷനിലെ വിദഗ്ദ്ധ സമിതി യോഗം ചേരും. തുടര്‍ന്ന് വാക്സിന് അടിയന്തര അംഗീകാരം നല്കുന്നതിനുമുമ്പായി വിദേശത്തും ഇന്ത്യയിലും നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ സമഗ്രമായി അവലോകനം ചെയ്യും. ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന ആദ്യ വാക്സിനാകും കൊവിഷീല്‍ഡ്.
ജനുവരി ആദ്യം ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കൊവിഷീല്‍ഡിന് പുറമേ വാക്സിന് കമ്പനിയായ ഫൈസര്‍, ഇന്ത്യയിലെ പ്രാദേശിക വാക്സിന് നിര്‍മാതാക്കളായ ബയോണ്‍ടെക് എന്നിവര്‍ അടിയന്തര അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരുന്നതിനാല്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാന്‍ സമയമെടുക്കുമെന്നാണ് വിവരം.
കോവിഡ് വാക്സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന് നേരത്തെ പറഞ്ഞിരുന്നു. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്സിന്, ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന് തുടങ്ങിയ വാക്സിനുകളാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഒന്നിലധികം വാക്സിനുകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Content Highlights: Oxford's Covid-19 vaccine may be the first to get emergency use approval in India: Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..