ലണ്ടന്‍: ഓക്സഫഡ് - ആസ്ട്രസെനക്ക വാക്‌സിന്‍ കൊറോണ വ്യാപനം തടയുന്നതില്‍ പ്രതീക്ഷിച്ചതിലും ഫലപ്രദമാണെന്ന് പുതിയ പഠനം. ഒരു ഡോസില്‍ തന്നെ വൈറസിനെതിരെ മികച്ച പ്രതിരോധം നല്‍കാന്‍ വാക്‌സിന് സാധിക്കുമെന്ന് പഠനത്തില്‍ വ്യക്തമായതായി ബ്രിട്ടീഷ് സര്‍ക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിരോധശേഷി ആര്‍ജിക്കുന്നതില്‍ ആദ്യഡോസില്‍ തന്നെ 76 ശതമാനത്തോളം വാക്‌സിന്‍ ഫലപ്രദമാണ്. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ പതിനേഴായിരത്തോളം പേരിലാണ് പഠനം നടന്നത്. ആദ്യ ഡോസില്‍ തന്നെ ഇത്രയും രോഗപ്രതിരോധം ആര്‍ജിക്കാന്‍ കഴിയുന്നതിനാല്‍ പരമാവധി പേര്‍ക്ക് ആദ്യ ഡോസ് നല്‍കുക എന്ന തന്ത്രം സ്വീകരിക്കാനൊരുങ്ങുകയാണ് ബ്രിട്ടന്‍.

ഓക്‌സ്ഫഡ് വാക്‌സിന്‍ വൈറസിനെതിരേ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പ്രതികരിച്ചു. വൈറസ് വ്യാപനം മൂന്നിലൊന്നായി കുറയ്ക്കാന്‍ വാക്‌സിന് സാധിക്കുന്നുണ്ട്. പുതിയ പഠനം സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു. 

ഓക്‌സ്ഫഡ് വാക്‌സിന്‍ പ്രായം ചെന്നവരില്‍ ഫലപ്രദമാണോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വാക്‌സിന്റെ പ്രതിരോധത്തെക്കുറിച്ച് പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഓക്‌സ്ഫഡ് വാക്‌സിന്‍ പ്രായം ചെന്നവരില്‍ ഫലപ്രദമാണെന്നും ഉപയോഗിക്കാമെന്നും ശുപാര്‍ശ ചെയ്തിരുന്നെങ്കിലും പല രാജ്യങ്ങളും ഇപ്പോഴും ഇതിനെതിരാണ്.

65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഓക്‌സ്ഫഡ് വാക്‌സിന്‍ നല്‍കില്ലെന്ന് ജര്‍മനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 55 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഓക്‌സഫഡ് വാക്‌സിന്‍ ശുപാര്‍ശ ചെയ്യില്ലെന്ന് ഇറ്റലിയും വ്യക്തമാക്കി. 55 വയസ്സിന് മുകളില്‍ പ്രായമുളള്ളവര്‍ക്ക് ഈ വാക്‌സിന്‍ ഫലപ്രദമല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. 

Content Highlights: Oxford COVID-19 Vaccine Cuts Virus Transmission: Study