ഭോപ്പാല്‍:  ഒരു അവധിക്ക് അപേക്ഷിക്കുന്നതിന് അസ്വാഭാവികതയൊന്നുമുണ്ടാവില്ല. എന്നാല്‍ മധ്യപ്രദേശിലെ സര്‍ക്കാര്‍ സര്‍വീസിലെ എഞ്ചിനീയറായ രാജ്കുമാര്‍ യാദവ് ലീവിന്റെ കാരണം അല്‍പം വിചിത്രമാണ്. തന്റെ ഭൂതകാലം പറഞ്ഞുകൊണ്ടാണ് രാജ്കുമാര്‍ അവധിക്ക് അപേക്ഷിച്ചത്. ആ കാരണം ഇങ്ങനെ.. 

കഴിഞ്ഞ ജന്മത്തില്‍ താന്‍ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയുടെ ബാല്യകാല സുഹൃത്തായിരുന്നുവെന്നാണ് രാജ്കുമാര്‍ പറയുന്നത്. മോഹന്‍ ഭാഗവത് ശകുനി ആയിരുന്നുവെന്നും  രാജ്കുമാര്‍ അവകാശപ്പെടുന്നു. തന്റെ ഭൂതകാലത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ മഹാഭാരതവും ഭഗവത് ഗീതയും കൂടുതലായി പഠിക്കണമെന്നും തന്റെ മനസ്സിലെ അഹംഭാവം ഇല്ലാതാക്കാനായി വീടുകള്‍ തോറും കയറി നടന്ന യാചിക്കണമെന്നുമാണ് രാജ്കുമാര്‍ പറയുന്നത്. ഇതെന്റെ ആത്മാവുമായി ബന്ധപ്പെട്ട കാര്യമാണ്. അതിനായി എല്ലാ ഞായറാഴ്ചകളിലും അവധി അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. സന്‍സറിലെ ജന്‍പത് പഞ്ചായത്ത് സിഇഒയ്ക്കാണ് എംഎന്‍ആര്‍ഇജിഎ ഡെപ്യൂട്ടി എഞ്ചിനീയറായ രാജ്കുമാര്‍ യാദവ് അപേക്ഷാ കത്തയച്ചത്. എന്നാല്‍ ജന്‍പത് പഞ്ചായത്ത് സിഇഒ അപേക്ഷ നിരസിക്കുക മാത്രമല്ല, അഹംഭാവം തീര്‍ക്കാന്‍ എല്ലാ ഞായറാഴ്ചയും ജോലിക്കെത്തണമെന്നും നിര്‍ദേശിച്ചു. 

പ്രിയപ്പെട്ട എഞ്ചിനിയര്‍, അഹംഭാവം ഇല്ലാതാക്കണമെന്ന നിങ്ങളുടെ തീരുമാനം ഏറെ സന്തോഷം തരുന്നതാണ്, നിങ്ങളുടെ ലക്ഷ്യം നേടാന്‍ ഞങ്ങളുടെ സഹകരണം നിങ്ങളെ സഹായിക്കും. ഒരു വ്യക്തി പലപ്പോഴും അഹങ്കാരിയാകുകയും തന്റെ ഞായറാഴ്ചകള്‍ സ്വന്തം ഇഷ്ടാനുസരണം ചെലവഴിക്കാന്‍ കഴിയുമെന്ന് കരുതുകയും ചെയ്യുന്നു. ഈ അഹന്തയെ അതിന്റെ വേരുകളില്‍ നിന്ന് നശിപ്പിക്കുന്നത് നിങ്ങളുടെ പുരോഗതിക്ക് അനിവാര്യമാണ്. അതിനാല്‍, ആത്മീയ പുരോഗതിക്കായുള്ള നിങ്ങളുടെ ആഗ്രഹം കണക്കിലെടുത്ത്, എല്ലാ ഞായറാഴ്ചയും ഓഫീസില്‍ ഹാജരാകുന്നതിലൂടെ പൂര്‍ണ സമയവും പ്രവര്‍ത്തിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു, അങ്ങനെ ഞായറാഴ്ച അവധിക്കാലം ആഘോഷിക്കണമെന്ന നിങ്ങളുടെ ചിന്ത നശിപ്പിക്കപ്പെടും. ജന്‍പാദ് പഞ്ചായത്ത് സിഇഒ പരാഗ് രാജ് കുമാറിനെഴുതിയ കത്തില്‍ പറയുന്നു. 

Content Highlgihts: Owaisi my friend in past life, RSS chief was 'Shakuni Mama': MP engineer’s bizarre leave application