ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പുറത്താക്കണമെന്ന് എഴുതിത്തരാന്‍ തയ്യാറുണ്ടോ എന്ന അമിത് ഷായുടെ ചോദ്യത്തോട് ഒവൈസി ട്വിറ്ററിലൂടെ മറുപടി നല്‍കി. അമിത് ഷാ പറഞ്ഞ തരത്തിലുള്ള ആയിരം പേരുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുമോയെന്നും അമിത് ഷാ ഡല്‍ഹിയില്‍ ഉറങ്ങുകയാണോയെന്നും ഒവൈസി ചോദിച്ചു.

ഹൈദരാബാദില്‍ മുപ്പതിനായിരം അനധികൃത കുടിയേറ്റക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയിലുണ്ടെന്ന ബിജെപിയുടെ ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു ഒവൈസിയുടെ പ്രതികരണം. അത്തരത്തിലുള്ള ആയിരം പേരുകള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? അമിത് ഷാ ഡല്‍ഹിയില്‍ ഉറങ്ങുകയാണോ? എന്തുകൊണ്ടാണ് അദ്ദേഹം അവരുടെ പേരുകള്‍ നീക്കംചെയ്യാത്തത്? ആരാണ് അദ്ദേഹത്തെ തടയുന്നത്?, ഒവൈസി തന്റെ ട്വീറ്റില്‍ ചോദിച്ചു.

തന്റെ ജോലി ചെയ്യാന്‍ ഒരു എംപിയുടെ കത്ത് ആവശ്യപ്പെടുന്ന ആദ്യത്തെ മന്ത്രിയാണ് അമിത് ഷാ. ഇത്തരം സാങ്കല്‍പിക കടന്നുകയറ്റക്കാരെ അമിത് ഷായുടെ പാര്‍ട്ടി തന്നെയാണ് ഹൈദരാബാദില്‍ സൃഷ്ടിച്ചത്. എന്നിട്ടിപ്പോള്‍ അവരെ പിടികൂടാന്‍ എന്റെ അനുമതി തേടുന്നു. ആ കടന്നുകയറ്റക്കാര്‍ തിരഞ്ഞെടുപ്പ് സമയത്ത് അമിത് ഷായുടെ ബാലിശമായ സങ്കല്‍പത്തില്‍ മാത്രം ഉള്ളതാണ്, ഒവൈസി പറഞ്ഞു.

ബംഗ്ലാദേശികളുടെയും റോഹിങ്ക്യകളുടെയും വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യപ്പെടുമ്പോഴൊക്കെ ആരാണ് അവരുടെ പക്ഷം പിടിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാം എന്നായിരുന്നു അമിത് ഷാ ഒവൈസിയെ സൂചിപ്പിച്ചുകൊണ്ട് നടത്തിയ പരാമര്‍ശം. ഞായറാഴ്ച ഹൈദരാബാദില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഇത്. 

എപ്പോഴെങ്കിലും അവര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ അവര്‍ പാര്‍ലമെന്റില്‍ പ്രശ്‌നമുണ്ടാക്കും. എത്ര ഉച്ചത്തിലാണ് അവര്‍ കരയാറുള്ളതെന്ന് നിങ്ങള്‍ കണ്ടിട്ടില്ലേ? ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പുറത്താക്കണമെന്ന് എഴുതിത്തരാന്‍ അവര്‍ തയ്യാറാണോ എന്നു ചോദിക്കൂ. ഞാന്‍ അത് ചെയ്യാന്‍ തയ്യാറാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം സംസാരിച്ചാല്‍ പോരെന്നും അമിത് ഷാ പറഞ്ഞു.

Content Highlights: Owaisi hits back at Amit Shah on illegal Rohingya refugees allegation