പോര്‍ബന്തര്‍: തീരദേശ സേനയുടെ വടക്കു പടിഞ്ഞാറൻ വിഭാഗത്തിൽ അമിത വണ്ണവും ഭാരക്കൂടുതലുമുള്ള സേനാംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന മദ്യം നല്‍കേണ്ടതില്ലെന്ന് ഉത്തരവ്. തീരദേശ സേന വടക്കുപടിഞ്ഞാറന്‍ വിഭാഗം മേഖല കമാൻഡർ രാകേഷ് പൈയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. സായുധ സേനാംഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കുറഞ്ഞവിലയ്ക്കുള്ള മദ്യത്തിനാണ് നിയന്ത്രണം.

വടക്കുപടിഞ്ഞാറന്‍ മേഖലയിലെ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമായിരിക്കും. അമിതവണ്ണത്തിനും ഭാരക്കൂടുതലിനും പ്രധാന കാരണം മദ്യമാണെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ഉത്തരവെന്നും അദ്ദേഹം അറിയിച്ചു. 

ഭാരക്കൂടുതലും അമിതവണ്ണവും മൂലം പലരേയും കപ്പലില്‍ ജോലിക്ക് അയക്കാന്‍ സാധിക്കുന്നില്ല. അമിതവണ്ണവും ഭാരവുമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയവര്‍ക്കാണ് ഈ നിയന്ത്രണം. ഇത്തരക്കാര്‍ ഭാരം കുറയ്ക്കുകയാണെങ്കില്‍ നിയന്ത്രണം നീക്കുമെന്നും രാകേഷ് പൈ അറിയിച്ചു.