ന്യൂഡല്‍ഹി: രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞയാഴ്ച 21.9 ശതമാനമായിരുന്ന രാജ്യത്തിന്റെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 19.8 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള 11 സംസ്ഥാനങ്ങളുണ്ടെന്നും 17 സംസ്ഥാനങ്ങളില്‍ സജീവ കേസുകള്‍ 50,000 ല്‍ കുറവാണെന്നും അഗര്‍വാള്‍ പറഞ്ഞു. മഹാരാഷ്ട്ര, യുപി, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി. പക്ഷേ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടില്‍ സജീവമായ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് ആശങ്കയുണര്‍ത്തുന്നു. 

പ്രതിമാസം 1.5 കോടി ഡോസ് കോവാക്‌സിന്‍ നിലവില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും ഉത്പാദനം പ്രതിമാസം 10 കോടി ഡോസായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരില്‍ 89 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയെന്നും മുന്‍നിര പ്രവര്‍ത്തകര്‍ക്ക് 82 ശതമാനം പേര്‍ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ഡോസ് വാക്‌സിനേഷന്‍ കവറേജ് രാജസ്ഥാനില്‍ 95 ശതമാനവും മധ്യപ്രദേശില്‍ 96 ശതമാനവും ഛത്തീസ്ഗഢില്‍ 99 ശതമാനവുമാണ്. ഡല്‍ഹിയില്‍ ഇത് 78 ശതമാനമാണെന്നും ഇത് ദേശീയ ശരാശരിയേക്കാള്‍ 11 ശതമാനം കുറവാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍നിര പ്രവര്‍ത്തകരില്‍ ഒരു ഡോസ് വാക്‌സിനേഷന്‍ കവറേജ് ഗുജറാത്തില്‍ 93 ശതമാനവും രാജസ്ഥാനില്‍ 91 ശതമാനവും മധ്യപ്രദേശില്‍ 90 ശതമാനവുമാണ്. ഡല്‍ഹിയില്‍ ഇത് 80 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Overall Positivity Rate Of India At 19.8 Per Cent, Says Health Ministry