ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ 72 ലക്ഷത്തിലധികം ഡോസുകള്‍ നിലവില്‍ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 46 ലക്ഷത്തിലധികം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ഇതുവരെ 17.56 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ (17,56,20,810) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കി. ഇതില്‍ പാഴാക്കിയ ഡോസുകള്‍ ഉള്‍പ്പെടെ 16,83,78,796 ഡോസുകളാണ് ആകെ ഉപയോഗിച്ചതെന്നാണ് കണക്കുകള്‍. 

72 ലക്ഷത്തിലധികം ഡോസുകള്‍ (72,42,014) ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ലഭ്യമാണ്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 46 ലക്ഷത്തിലധികം (46,61,960) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് പരാതി ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേരളം ആവശ്യപ്പെട്ട കോവിഡ് വാക്‌സിന്‍ എന്ന് ലഭ്യമാക്കാനാവുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് എന്തെങ്കിലും പ്രത്യേക പരിഗണന നല്‍കണമെന്നല്ല ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ കേന്ദ്രങ്ങളിലെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ആയിരുന്നു ഇത്.

Content Highlights: Over 72L Covid Vaccine Doses Still Available with States, UTs; 17.56 Cr Doses Provided So Far