ന്യൂഡല്‍ഹി: 2030-ഓടെ എയ്ഡ്‌സില്‍ നിന്ന് പൂര്‍ണ്ണ മുക്തി നേടണമെന്ന ഇന്ത്യയുടെ സ്വപ്‌നത്തിന് വിലങ്ങുതടിയായി ഞെട്ടിപ്പിക്കുന്ന പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇന്ത്യയിലുളള എയ്ഡ്‌സ് ബാധിതരില്‍ 40% പേരും സ്ത്രീകളെന്ന് പഠന റിപ്പോര്‍ട്ട്.

ഗര്‍ഭിണികള്‍, ലൈംഗിക തൊഴിലാളികള്‍, നിരക്ഷരരായവര്‍ എന്നിവരിലൂടെ രോഗം പെട്ടെന്നു പടരാന്‍ സാധ്യതയുളളതിനാല്‍ ഈ സാഹചര്യം ആശങ്ക ഉയര്‍ത്തുന്നതായി ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. 

2015-ല്‍ ഇന്ത്യയില്‍ 86,000 പേര്‍ക്ക് കൂടി എച്ച്.ഐ.വി ബാധിച്ചുവെന്നാണ് കണക്ക്. എന്നാല്‍ ഇന്ത്യയിലെ ആകെയുളള എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ 66% കുറവുണ്ടായെന്നാണ് പഠനം സൂചിപ്പിക്കുന്നത്  2015-ല്‍ ഇന്ത്യയിലെ എയ്ഡ് ബാധിതരുടെ എണ്ണം 21.17 ലക്ഷമാണ്, 2007-ല്‍ ഇത് 22.26 ലക്ഷമായിരുന്നു. മൊത്തം എയ്ഡ്ബാധിതരില്‍ 6.54% പേര്‍ 15 വയസ്സില്‍ താഴെയുളളവരാണെന്നതും ഏറെ ആശങ്ക ഉയര്‍ത്തുന്നു.

സ്ത്രീകള്‍ക്ക് വിദ്യാഭ്യസം ഉറപ്പുവരുത്തുന്നതിലൂടെയും എയ്ഡ്‌സ് രോഗത്തെ കുറിച്ച് ബോധവത്കരണം നല്‍കിയും രോഗം പകരുന്നത് ഒരു പരിധി വരെ തടയാന്‍ സാധിക്കുമെന്ന്  ഇന്ത്യന്‍ എയ്ഡ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം മാനേജര്‍ പറഞ്ഞു.