ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3.16 ലക്ഷം പേര്‍ക്കെന്ന് അനൗദ്യോഗിക കണക്ക്. ഇതുവരെ ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗബാധയാണിത്. 24 മണിക്കൂറിനിടെ 2,102 പേര്‍ മരിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക കണക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടാനിരിക്കുന്നതേയുള്ളൂ.

ബുധനാഴ്ച ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ കോവിഡ് കേസുകള്‍ ക്രോഡീകരിച്ചാല്‍ രോഗികളുടെ എണ്ണം 3,15,925 ആകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി. മരണ സംഖ്യ 184600 കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,041 ആയിരുന്നു.

ഇതിനു മുന്‍പ് ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ രോഗബാധാ നിരക്ക് അമേരിക്കയിലാണ്. 2021 ജനുവരി എട്ടിന് റിപ്പോര്‍ട്ട് ചെയ്ത 3,07,581 കേസുകളാണ് അത്. ഇതിനെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്ക്. ഇന്ത്യയില്‍ ഒരു ലക്ഷം കടന്നത് ഏപ്രില്‍ നാലിന് ആണ്. അവിടെനിന്ന് വെറും 17 ദിവസംകൊണ്ടാണ് കോവിഡ് കേസുകള്‍ മൂന്നു ലക്ഷത്തിലേക്ക് എത്തിയത്. ഇക്കാലത്തെ പ്രതിദിന വര്‍ധന 6.76 ശതമാനമായിരുന്നു.

അമേരിക്കയില്‍ രോഗബാധ ഒരു ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷത്തിലേക്ക് എത്താന്‍ എടുത്തത് 65 ദിവസമാണ്. 1.58 ശതമാനമായിരുന്നു പ്രതിദിന വര്‍ധന. ഒരു ലക്ഷത്തില്‍ അധികം പ്രതിദിന കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നാലിരട്ടി പ്രതിദിന വര്‍ധനയാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: Over 3 lakh new Covid-19 cases in India, highest ever