ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇതുവരെ പാഴായത് 23 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍. സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ ഏഴ് കോടി വാക്‌സിന്‍ ഡോസുകളില്‍ 3.46 കോടി ഡോസാണ് ഇതുവരെ കുത്തിവെച്ചത്. വിതരണം ചെയ്തതിന്റെ 6.5 ശതമാനം വാക്‌സിന്‍ ഡോസുകള്‍ പാഴായെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാക്സിന്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനും 6.5 ശതമാനത്തോളം വാക്സിന്‍ പാഴാകുന്നത് കുറയ്ക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു കോവിഷീല്‍ഡ് വയല്‍ (കുപ്പി) ഉപയോഗിച്ച് 10 പേര്‍ക്ക് കുത്തിവെപ്പെടുക്കാം. കോവാക്‌സിന്‍ വയല്‍ ഉപയോഗിച്ച് 20 പേർക്കും. ഒരു വയലിലെ 0.5 മില്ലിയാണ് ഒരാള്‍ക്ക് കുത്തിവെക്കുന്നത്. ഒരിക്കല്‍ വയല്‍ പൊട്ടിച്ചാല്‍ അത് നാലു മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണമെന്നാണ്. നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ അത്  ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തില്‍ രാജ്യത്ത് 23 ലക്ഷം പേര്‍ക്ക് കൊടുക്കേണ്ടിയിരുന്ന വാക്‌സിനാണ് പാഴായിപ്പോയത്.

'ഉദാഹരണത്തിന്, വൈകുന്നേരം ആറ് മണിയോടെ ഒരു വയല്‍ പൊട്ടിക്കുകയും രണ്ട് പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയും ചെയ്തു എന്ന വെക്കുക. ഗുണഭോക്താക്കളുടെ എണ്ണം കുറവായതിനാല്‍ ബാക്കി ഡോസുകള്‍ നശിപ്പിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു.', ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയിലെ ഡോ. സുരേഷ് കുമാര്‍ പറയുന്നു.

ഒരു വയലില്‍ ഒരു ഡോസ് എന്നത് പാക്കിങ്ങും മറ്റും മൂലം ചെലവേറിയതാവും. അതിനാലാണ് ഒരു വയലില്‍ 10 ഉം 20 ഉം ഡോസുകള്‍ ഉള്‍പ്പെടുത്തുന്നത്. പാഴാകാതിരിക്കാന്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളുടെ വിവരങ്ങള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാവുകയാണെങ്കില്‍ ഡോസുകള്‍ പാഴാവാതെ ആവശ്യക്കാരെ ആശുപത്രിക്കാര്‍ക്ക് വിളിച്ചു വരുത്താം. ബാക്കപ്പ് ലിസ്റ്റ് പ്രധാനമാണ്, അതിനാല്‍ ഒരു കുപ്പി തുറന്നുകഴിഞ്ഞാല്‍ വാക്‌സിനുകള്‍ പാഴാകില്ല. പട്ടികയില്‍ നിലവിലെ പ്രായപരിധിയില്‍പ്പെടാകത്തവരെയും ഉള്‍പ്പെടുത്താം", കളയുന്നതിനേക്കാള്‍ നല്ലതല്ലെ അതാര്‍ക്കെങ്കിലും നല്‍കുന്നതെന്ന് ഡോക്ടര്‍ ദിലീപ് മവാലങ്കര്‍ ന്യൂസ് 18 നോട് പറഞ്ഞു.

content highlights: Over 23 lakhs Covid-19 Vaccine Doses Wasted in India