ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് പാര്‍ലമെന്റ് അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ 199 നിയമസഭാംഗങ്ങളും നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം പാന്‍ കാര്‍ഡ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), നാഷണല്‍ ഇലക്ഷന് വാച്ച് എന്നിവയാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നിട്ടുള്ളത്.
542 ലോക്സഭാംഗങ്ങളും 4,086 നിയമസഭാംഗങ്ങളും നല്കിയ വിവരങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പാന്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങളും പൂരിപ്പിച്ച് നല്‍കണമെന്നാണ് ചട്ടം.
പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കാത്തതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് എംഎല്‍എമാരാണ്. വിവിധ സംസ്ഥാനങ്ങളിലായി 51 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബിജെപി (42), സിപിഎം (25) എന്നീ പാര്‍ട്ടികളാണ് തൊട്ടുപിന്നിലുള്ളത്.
പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കാത്ത എംഎല്‍എമാര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണുള്ളത്. കേരളത്തിലെ 33 എംഎല്‍എമാരാണ് പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കാത്തത്. മിസോറം (28), മധ്യപ്രദേശ് (19) എന്നിവയാണ് പിന്നാലെയുള്ളത്. ഇതില്‍ മിസോറം നിയമസഭയില്‍ ആകെയുള്ളത് 40 എംഎല്‍എമാര്‍ മാത്രമാണ്.
രണ്ടോ അതിലധികമോ തവണ തിരഞ്ഞെടുക്കപ്പെട്ടവരും പട്ടികയിലുണ്ട്. ഇതില്‍ ഏറ്റവും കൂടുതലുള്ളത് ബിജെപി (18) എംഎല്‍എമാരാണ്. കോണ്‍ഗ്രസ് (9), ജെഡിയു (3) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..