ന്യൂഡല്‍ഹി: ആറായിരത്തോളം എന്‍.ജി.ഒകളുടെയും മറ്റ് സംഘടകളുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് (FCRA) ശനിയാഴ്ചയോടെ കാലാവധി കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘനയുടെ എഫ്.സി.ആര്.എ ലൈസന്‍സ് പുതുക്കാനുള്ള അനുമതി നിഷേധിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.
ഈ ആറായിരത്തോളം വരുന്ന എന്‍.ജി.ഒകളില്‍ ഭൂരിപക്ഷവും എഫ്.സി.ആര്.എ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ലൈസന്‍സ് കാലാവധി കഴിയുന്ന കാര്യം കാണിച്ച് ഈ സംഘടകള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും എങ്കിലും പല സംഘടനകളും അപേക്ഷിക്കാന്‍ തയ്യാറായില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഒക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് തുടങ്ങിയ സംഘടനകളുടെ എഫ്.സി.ആര്.എ ലൈസന്‍സ് കഴിഞ്ഞ മാസങ്ങളില്‍ കാലാവധി കഴിഞ്ഞിരുന്നു. ഇന്നത്തോടെ ഇവര്‍ക്കെല്ലാം ലൈസന്‍സ് നഷ്ടമാകും. ട്യൂബര്‍കുലോസിസ് അസോസിയേഷന് ഓഫ് ഇന്ത്യ, ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നീ എന്‍.ജി.ഒകളും ഉള്‍പ്പെടുന്നതാണ് ഈ പട്ടിക.
ഒക്സ്ഫാം ഇന്ത്യ ഉള്‍പ്പടെ ഉള്ളവയ്ക്ക് എഫ്.സി.ആര്.എ ലൈസന്‍സ് നഷ്ടമാവുമെങ്കിലും രജിസ്ട്രേഷന് നഷ്ടമാവുകയില്ല. ആകെ 22,762 എന്‍.ജി.ഒകളാണ് ഫോറിന് കോണ്ട്രിബൂഷന് റെഗുലേഷന് ആക്ടിന് കീഴില്‍ രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതില്‍ 16,829 എന്‍.ജി.ഒകളുടെ എഫ്.സി.ആര്.എ ലൈസന്‍സ് സര്‍ക്കാര്‍ പുതുക്കി നല്‍കിയിട്ടുണ്ട്.
നേരത്തെ ക്രിസ്മസ് ദിനത്തില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്ക് സര്‍ക്കാര്‍ എഫ്.സി.ആര്.എ ലൈസന്‍സ് പുതുക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു.
Content Highlights: Over 12,000 NGOs, Including Oxfam And Jamia, Lose Foreign Funding Licence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..