ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് വിദ്യാഭ്യാസ വിദഗ്ധരും ഗവേഷകരും  ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ രംഗത്ത്. നളന്ദ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുനൈന സിങ്, ജെ.എന്‍.യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും രാജ്യസഭാംഗവുമായ സ്വപന്‍ ദാസ്ഗുപ്ത, വ്യവസായി ശിശിര്‍ ബജോറിയ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിലൂടെ പൗരത്വ നിയമ ഭേദഗതിയെയും കേന്ദ്രസര്‍ക്കാരിനെയും പിന്തുണച്ച് രംഗത്തെത്തിയത്. 

പൗരത്വ നിയമ ഭേദഗതി പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ന്യൂനപക്ഷങ്ങളായ അഭയാര്‍ഥികളുടെ ദീര്‍ഘകാലത്തെ ആഗ്രഹം നിറവേറ്റുന്നതാണ്. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടതാണ്. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള നിയമ ഭേദഗതി പാസാക്കിയ പാര്‍ലമെന്റിനെ അഭിനന്ദിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. വര്‍ഗീയതയും അരാജകത്വവും പ്രചരിപ്പിക്കുന്നവരുടെ കെണിയില്‍ വീഴരുതെന്നും ഭയപ്പെടുത്ത അന്തരീക്ഷം സൃഷ്ടിച്ച് രാജ്യത്തെ കലാപത്തിലേക്ക് നയിക്കുന്നതില്‍ അതിയായ വേദനയുണ്ടെന്നും ഇവര്‍ പറയുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലെ വിദ്യാഭ്യാസ വിദഗ്ധര്‍, ഗവേഷകര്‍ എന്നിവരടക്കം 1100 പേരാണ് ഈ പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് ഭേദഗതിയെ അനുകൂലിച്ച് വിദ്യാഭ്യാസരംഗത്തെ പ്രമുഖരടക്കം രംഗത്തെത്തിയിരിക്കുന്നത്. 

Content Highlights: over 1000 scholars signed in statement which supports citizenship amendment act and modi government