ന്യൂഡെല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിനു ശേഷം നൂറിലധികം സമരക്കാരെ കാണാതായെന്ന് റിപ്പോര്‍ട്ട്. ട്രാക്ടര്‍ പരേഡിന് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തിയ കര്‍ഷകരെയാണ് കാണാതായതെന്ന് പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടന പറയുന്നു. 

ജനുവരി 26ന് ഡല്‍ഹിയുടെ അതിര്‍ത്തി മേഖലയില്‍ നടന്ന ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെയാണ് കാണാതായത്. പഞ്ചാബിലെ താത്താരിവാല ഗ്രാമത്തില്‍നിന്നുള്ള 12 കര്‍ഷകരെ കാണാതായതായി ജനുവരി 26ന് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ചെങ്കോട്ടയില്‍ അടക്കം നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഏഴ് പേര്‍ ബന്‍ഗി നിഹാല്‍ സിങ് ഗ്രാമത്തില്‍നിന്നുള്ളവരാണ്. 11 പേര്‍ മോഗയില്‍നിന്നുള്ളവരുമാണ്. ഇവരെ നന്‍ഗ്ലോയ് പോലീസ് ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ഇവരെ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പൊതു മുതല്‍ നശിപ്പിച്ചതിനും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളില്‍ അതിക്രമിച്ചുകയറിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമവും ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് വിവിധ സന്നദ്ധ സംഘടനകള്‍ സൗജന്യ നിയമ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Content Highlights: Over 100 protesters from Punjab missing after Red Fort incident, claims NGO