അലഹബാദ് : അര്‍ധകുംഭമേളയ്ക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ഒരുങ്ങി. പഴയ അലഹബാദിലെ ത്രിവേണീസംഗമത്തില്‍ സ്‌നാനത്തിനും പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമായി ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇതിനകംതന്നെ എത്തിക്കഴിഞ്ഞു. അര്‍ധകുംഭമേളയാണ് ഇത്തവണത്തേത്. ജനുവരി 15-ന് തുടങ്ങി മാര്‍ച്ച് നാലുവരെയാണ് മേള. പ്രധാന ചടങ്ങുകള്‍ ചൊവ്വാഴ്ച ആരംഭിക്കും. പതിനായിരത്തോളം താത്കാലിക ഇടത്താവളങ്ങളും പ്രത്യേക പാതകളും പന്തലുകളും പാലങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. കൊടുംതണുപ്പിനിടയിലും പ്രയാഗ്രാജിലേക്ക് തീര്‍ഥാടകപ്രവാഹമാണിപ്പോള്‍.

എല്ലാ തവണത്തേക്കാളും കൂടുതല്‍ വിദേശസഞ്ചാരികളെയാണ് യു.പി. സര്‍ക്കാര്‍ ഇത്തവണ പ്രതീക്ഷിക്കുന്നത്. വിദേശസഞ്ചാരികള്‍ ധാരാളമായി ഇതിനകം പ്രയാഗ്രാജില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കായി 1200 ആഡംബര ടെന്റുകളും പ്രത്യേക ഭക്ഷണശാലകളും പ്രയാഗ്രാജിലെ മണപ്പുറത്ത് ഒരുക്കി. പ്രയാഗ് രാജിലേക്ക് കൂടുതല്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്. പ്രയാഗ്രാജില്‍ കുംഭമേളയുടെ മോടികൂട്ടാനായി എങ്ങും ചുവര്‍ചിത്രങ്ങളും പെയിന്റിങ്ങുകളും തയ്യാറാക്കിയിട്ടുണ്ട്.

അതിനിടെ കുംഭമേളയില്‍ താമസസൗകര്യമൊരുക്കിയ സ്ഥലത്ത് തീപ്പിടിത്തമുണ്ടായി. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അഗ്‌നിശമനസേന എത്തി ഉടന്‍തന്നെ തീയണച്ചു. ദിഗംബര്‍ അഖാഡയില്‍ ഭക്ഷണം പാകംചെയ്യാന്‍ എത്തിച്ച സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തീയും പുകയുമുയര്‍ന്നെങ്കിലും ആളപായമില്ല. കുംഭമേള നടക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതിനാല്‍ പെട്ടെന്നുതന്നെ തീയണയ്ക്കാന്‍ കഴിഞ്ഞു. ദുരന്തനിവാരണസേനയുടെ യൂണിറ്റിനെയും പ്രയാഗ്രാജില്‍ വിന്യസിച്ചിട്ടുണ്ട്.

content highlights: Over 100 Million Gather For Kumbh Mela