ചെന്നൈ: തമിഴ്‌നാട്ടിലെ തീരവാസികളെ ഭീതിയിലാക്കി നൂറോളം തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. ഇത്തരത്തില്‍ ജീവനോടെ എത്തിയ തിമിംഗലങ്ങളെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് തിരിച്ചയയക്കാന്‍ ശ്രമിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു തിമിംഗലങ്ങള്‍ തീരത്തടിയാന്‍ തുടങ്ങിയത്.  ഇന്ന് രാവിലെ തിരുച്ചെന്തൂരില്‍ നൂറോളം തിമിംഗലങ്ങളെ കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. 81 തിമിംഗലങ്ങളാണ് തീരത്തടിഞ്ഞത്. ഇതില്‍ 45 എണ്ണം ചത്തു. 36 എണ്ണം രക്ഷപ്പെട്ടു.

അലന്തലൈ മുതല്‍ കല്ലമൊഴി വരെയുള്ള തീരങ്ങളിലാണ് ഈ അസാധരണ പ്രതിഭാസം നടന്നത്. 20 തിമിംഗലങ്ങള്‍ക്ക ജീവനുണ്ടെന്ന് കണ്ടതിനേതുടര്‍ന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഇവയെ കടലിലേക്ക് തിരിച്ചയച്ച് അവയുടെ ജീവന്‍ രക്ഷിക്കാനുളള ശ്രമത്തിലാണ്. സംഭവമറിഞ്ഞ് തൂത്തുക്കുടി ജില്ലാ കലക്ടര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തിമിംഗലങ്ങള്‍ കൂട്ടത്തോടെ തീരത്തടിയുന്നതിന്റെ കാരണംഎത്രയും പെട്ടന്ന് കണ്‌ടെത്താന്‍ കലക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

1973ല്‍ സമാനമായ പ്രതിഭാസം ഇവിടെ ഉണ്ടായിട്ടുണ്ട്. 147 തിമിംഗലങ്ങളാണ് അന്ന് തീരത്തടിഞത്.  1852ല്‍ കൊല്‍ക്കത്തയിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

1800 മുതല്‍ 2016 വരെ  1500 തിമിംഗലങ്ങളെങ്കിലും ഇന്ത്യന്‍ തീരത്തടിഞ്ഞതായി കണക്കാക്കുന്നു. ലോകത്ത് പ്രതിവര്‍ഷം 2, 000 തിമിംഗലങ്ങളാണ് ഇതേപോലെ സ്വയം ജീവന്‍ വെടിയുന്നത്.  എന്നാല്‍ എന്തുകൊണാടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഇന്നേവരെ വ്യകതമായ വിവരങ്ങളില്ല. അതേസമയം കടലിന്റെ അടിത്തട്ടില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് തിമിംഗലങ്ങളുടെ അസാധാരണ പെരുമാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു.