ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യാഴാഴ്ച മാത്രം 14 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. 

68,53,083 ആരോഗ്യപ്രവര്‍ത്തകര്‍, 60,90,931 കോവിഡ് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കും ഗുരുതര രോഗങ്ങളുള്ള 45 വയസ്സിന് മുകളില്‍ പ്രായമുള്ള 2,35,901 പേര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ള 16,16,920 പേര്‍ക്കും കോവിഡ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 31,41,371 ആരോഗ്യപ്രവര്‍ത്തകര്‍ക്കും  60,90,931 മുന്‍നിരപ്രവര്‍ത്തകര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും ഇതുവരെ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം 49-ാം ദിവസം പിന്നിടുകയാണ് ഇന്ന്. 

അതേസമയം മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 84.4 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. നിലവില്‍ രാജ്യത്ത് 1.76 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രാജ്ത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 1.58 ശതമാനമാണിത്. 

മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം. കേരളമാണ് രണ്ടാം സ്ഥാനത്ത്. 

Content Highlights: Over 1.8 Crore COVID-19 Vaccine Doses Administered In India: Centre