സിദ്ധാർഥും സൈന നേവാളും | Photo: Instagram/ PTI
ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാളിനെതിരായ വിവാദ ട്വീറ്റില്‍ ചലച്ചിത്ര താരം സിദ്ധാര്‍ഥിനെതിരേ ദേശീയ വനിതാ കമ്മീഷന്. സൈനയ്ക്കെതിരേ ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വനിതാ കമ്മീഷന് താരത്തിന് നോട്ടീസ് അയച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുള്ള സൈനയുടെ ട്വീറ്റിന് മറുപടി പറയുന്നതിനിടയിലാണ് സിദ്ധാര്‍ഥ് മോശം വാക്ക് ഉപയോഗിച്ചത്. 'സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍, ആ രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് ഞാന്‍ ഇക്കാര്യത്തില്‍ അപലപിക്കുന്നു. അരാജകവാദികള് പ്രധാനമന്ത്രിക്കെതിരേ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്.' ഇതായിരുന്നു സൈനയുടെ ട്വീറ്റ്.
ഇതു സിദ്ധാര്‍ഥ് റീട്വീറ്റ് ചെയ്തപ്പോള്‍ അതിനൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു. അതിലെ ഒരു മോശം വാക്കാണ് താരത്തെ കുരുക്കിയത്. ഇതോടെ സിദ്ധാര്‍ഥ് വിശദീകരണവുമായി രംഗത്തെത്തി. ആ വാക്ക് മോശം രീതിയില്‍ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചതെന്നും സിദ്ധാര്‍ഥ് വിശദീകരിച്ചു.
വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മയെ കൂടാതെ നടിയും ബിജെപി നേതാവുമായ ഖുശ്ബു, സൈനയുടെ ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ പി കശ്യപ് എന്നിവരും താരത്തിനെതിരേ രംഗത്തെത്തി. സിദ്ധാര്‍ഥിന്റെ അക്കൗണ്ട് എന്തിനാണ് നിലനിര്‍ത്തുന്നതെന്ന് ട്വിറ്റര്‍ ഇന്ത്യയോട് രേഖ ശര്‍മ ചോദിച്ചു. 'ഇയാള്‍ ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഇയാളുടെ അക്കൗണ്ട് ഇപ്പോഴും വച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്' - ഇതായിരുന്നു രേഖയുടെ ട്വീറ്റ്.
സിദ്ധ്, നിങ്ങള്‍ എന്റെ സുഹൃത്താണ്. ഒരിക്കലും ഇത്തരം ഒരു പ്രസ്താവന നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചില്ല. അങ്കിളും ആന്റിയും നിങ്ങളെക്കുറിച്ച് അഭിമാനിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു വ്യക്തിയോടുള്ള നിങ്ങളുടെ വിദ്വേഷം കൊണ്ടുനടക്കരുത്'- ഖുശ്ബു ട്വീറ്റില്‍ പറയുന്നു.
'ഈ ട്വീറ്റ് ഞങ്ങളെ വേദനിപ്പിക്കുന്നു. നിങ്ങള്‍ക്ക് അഭിപ്രായം പറയാം. പക്ഷേ അല്പം കൂടി മാന്യമായ വാക്കുകള്‍ ഉപയോഗിക്കാം. ഇത് ഈ രീതിയില്‍ പറയുന്നത് രസകരമാണെന്നാണ് നിങ്ങള്‍ കരുതുന്നതെന്ന് ഞാന്‍ ഊഹിക്കുന്നു.' - കശ്യപ് ട്വീറ്റില്‍ വ്യക്തമാക്കുന്നു.
Content Highlights: Outrage Over Actor Siddharth's Tweet On Badminton Star Saina Nehwal's Post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..