ജോദ്പുര്‍: രാജസ്ഥാനില്‍ അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ ഇരുചക്ര യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം ചേരിയിലേക്ക് പാഞ്ഞു കയറി. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ജോദ്പുരിലെ തിരക്കേറിയ എയിംസ് റോഡില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഓഡി കാര്‍ മുന്നില്‍ പോയിരുന്ന ഇരുചക്രവാഹനങ്ങളെ ഒന്നിനുപിന്നാലെ ഒന്നായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാര്‍ യാത്രക്കാരെ ഇടിക്കുന്നതും ചേരിയിലേക്ക് പാഞ്ഞു കയറുന്നതും സംഭവം നടന്നതിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നാണ് വിവരം.  

സംഭവത്തേത്തുടര്‍ന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് എയിംസ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. 

Content Highlights:  Out of control luxury car in Jodhpur crushes 1 person to death; injures 9 others