ന്യൂഡൽഹി: 'നീതിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പ് വേദന നിറഞ്ഞതായിരുന്നു. പക്ഷെ അവസാനം ഞങ്ങള്‍ക്കത് ലഭിച്ചു' എന്നാണ് തന്റെ മകളുടെ ഘാതകരെ തൂക്കിലേറ്റിയ വാര്‍ത്തയോട് നിര്‍ഭയയുടെ അമ്മ ആശാ ദേവി പ്രതികരിച്ചത്. 

"ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് നീതിലഭിക്കാനുള്ള ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. നീതിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പ് വേദനാജനകമായിരുന്നു. പക്ഷെ ഒടുവില്‍ ഞങ്ങള്‍ക്ക് നീതി ലഭിച്ചു. ആ ക്രൂര മൃഗങ്ങളെ തൂക്കിലേറ്റി. നീതിപീഠത്തോടും സര്‍ക്കാരിനോടും മറ്റെല്ലാവരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്", ആശാ ദേവി പറഞ്ഞു. മാര്‍ച്ച് 20 'നിര്‍ഭയ ന്യായ്' ദിവസമായി ആചരിക്കണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ പറഞ്ഞു.

നിര്‍ഭയ കേസിലെ നാലു പ്രതികളെ തിഹാര്‍ ജയിലില്‍ ഇന്നു പുലര്‍ച്ചെ 5.30നാണ് ഒരുമിച്ചു തൂക്കിലേറ്റിയത്. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ രാം സിങ് 2013 മാര്‍ച്ച് 11 ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

content highlights: Our wait for justice was painful, finally we got it, says Ashadevi