ന്യൂഡല്‍ഹി: ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 1956ലെ ഹിന്ദു വിവാഹനിയമ പ്രകാരം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഹിന്ദു വിവാഹ നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ അനുവദിച്ചാല്‍ അത് നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. നമ്മുടെ നിയമവും മൂല്യങ്ങളും സാമൂഹ്യാവസ്ഥയും വിവാഹം എന്നത് വിശുദ്ധകര്‍മമായാണ് കണക്കാക്കുന്നത്. ഒരേ ലിംഗത്തില്‍പ്പെട്ട ദമ്പതിമാരെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് സാധിക്കില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹത്തില്‍ ഏര്‍പ്പെടുന്നവര്‍ സ്ത്രീയും പുരുഷനുമായിരിക്കണം. അല്ലാതുള്ള വിവാഹം നിരോധിക്കപ്പെട്ടതാണ്. സ്വവര്‍ഗാനുരാഗികളേയും ലസ്ബിയനുകളെയും നിയമപരമായ വിലക്കില്‍നിന്ന് ഒഴിവാക്കുക മാത്രമാണ് ചെയ്യുന്നതെന്നും അതില്‍ കൂടുതല്‍ മറ്റൊന്നുമില്ലെന്നുമുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയും തുഷാര്‍ മേത്ത കോടതിയില്‍ ഹാജരാക്കി.

പ്രത്യേക ഉത്തരവ് ഇല്ലാതെ സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അബിജിത് അയ്യര്‍ മിത്ര എന്നയാളും മറ്റു ചിലരും ചേര്‍ന്നാണ് ഹര്‍ജി സമര്‍പിച്ചത്. സ്വവര്‍ഹ ബന്ധത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്തത് തുല്യതയ്ക്കുള്ള അവകാശത്തെയും ജീവിക്കാനുള്ള അവകാശത്തെയും ഹനിക്കുന്ന നടപടിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളോ വസ്തുതകളോ കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. കേസ് തുടര്‍ന്ന പരിഗണിക്കുന്നതിന് ഒക്ടോബറിലേയ്ക്ക് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് ഡി. എന്‍. പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Content Highlights: Our values don’t recognise same-sex marriage’: Centre tells Delhi HC