ന്യൂഡല്‍ഹി: ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മകനെ മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട മോഷയോടുപമിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റോണ്‍ മല്‍ക്ക.അമ്മയെ നഷ്ടപ്പെട്ട 9 വയസുകാരനൊപ്പം തങ്ങളുടെ ഹൃദയവും തേങ്ങുകയാണെന്നും സൗമ്യയുടെ നഷ്ടത്തില്‍ ഇസ്രയേല്‍ മുഴുവന്‍ ദുഃഖിക്കുന്നുവെന്നും അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.

സൗമ്യ സന്തോഷിന്റെ കുടുംബവുമായി റോണ്‍ സംസാരിച്ചിരുന്നു. സൗമ്യയുടെ കുടുംബവുമായി സംസാരിച്ച റോണ്‍ അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു. 

'ഹമാസ് ഭീകരാക്രമണത്തില്‍ ഇരയായ സൗമ്യ സന്തോഷിന്റെ കുടുംബവുമായി ഞാന്‍ ഫോണില്‍ സംസാരിച്ചു. നിര്‍ഭാഗ്യകരമായ അവരുടെ നഷ്ടത്തില്‍ ഞാനെന്റെ ദുഃഖം അറിയിച്ചു, ഇസ്രയേലിന് വേണ്ടി എന്റെ അനുശോചനം അറിയിച്ചു. രാജ്യം മുഴുവന്‍ അവളുടെ നഷ്ടത്തില്‍ ദുഃഖിക്കുകയാണ്. ഞങ്ങള്‍ അവര്‍ക്കായി ഇവിടെയുണ്ട്.' ഭര്‍ത്താവും കുഞ്ഞുമൊത്ത് നില്‍ക്കുന്ന സൗമ്യയുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് റോണ്‍ കുറിച്ചു.

സൗമ്യയുടെ ഒമ്പതുവയസ്സുമാത്രം പ്രായമുളള മകന്‍ അഡോണിനെ കുറിച്ചാണ് തനിക്ക് കൂടുതല്‍ ഹൃദയവേദനയെന്നും റോണ്‍ പറയുന്നു.' വളരെ ചെറുപ്പത്തില്‍ തന്നെ അവന് അമ്മയെ നഷ്ടപ്പെട്ടിരിക്കുന്നു. അമ്മയില്ലാതെ അവന് വളരേണ്ടി വരികയാണ്. ഈ ഭീകരാക്രമണം കുഞ്ഞു മോഷയെ വീണ്ടും ഓര്‍മിപ്പിക്കുകയാണ്. 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ അവന് മാതാപിതാക്കളെ നഷ്ടമായിരുന്നു. ദൈവം അവര്‍ക്ക് ശക്തിയും കരുത്തും നല്‍കട്ടെ.' റോണ്‍ ട്വീറ്റ് ചെയ്തു. 

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിച്ചത്. ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇസ്രയേലിലെ അഷ്‌കലോണ്‍ എന്ന പ്രദേശത്തെ ഒരു വീട്ടിലായിരുന്നു സൗമ്യ ജോലി ചെയ്തിരുന്നത്. 

പ്രാദേശിക സമയം മൂന്നുമണിയോടെയാണ് സംഭവം. ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കവേയാണ് റോക്കറ്റ് വീടിന് മുകളില്‍ പതിക്കുന്നതും സൗമ്യ കൊല്ലപ്പെടുന്നതും. സൗമ്യ പരിചരിച്ചിരുന്ന വൃദ്ധയും കൊല്ലപ്പെട്ടു. വീട്ടിലുണ്ടായ മറ്റുളളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീട് പൂര്‍ണമായും തകര്‍ന്നു. 

നിരന്തരം വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെ ന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും സന്തോഷിനെ സൗമ്യ അറിയിച്ചിരുന്നു. സംസാരിക്കുന്നതിനിടയില്‍ ഫോണ്‍ കട്ടായി. തുടര്‍ന്ന് സന്തോഷ് തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. ഉടന്‍ സമീപത്തുളള ബന്ധുവിനെ വിളിച്ചപ്പോഴാണ് റോക്കറ്റ് സൗമ്യ താമസിക്കുന്ന വീടിന് മുകളിലേക്ക് പതിച്ച വിവരം അറിഞ്ഞത്. സൗമ്യ ഏഴുവര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്തുവരികയാണ്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ അവസാനമായി വീട്ടിലെത്തിയത്. 

Content Highlights: Our hearts are crying with Soumya's 9 years old son- Ron Malka