കൊല്‍ക്കത്ത: പൊതുമുതല്‍ നശിപ്പിക്കുന്നവരെ ഉത്തര്‍പ്രദേശിലെ പോലെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി മുഴക്കി ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തതിന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ദിലീപ് ഘോഷ് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഞായറാഴ്ച പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ദീദിയുടെ പോലീസ് നടപടിയെടുത്തില്ല. കാരണം അവര്‍ ദീദിക്ക് വോട്ടുനല്‍കുന്നവരാണ്. യുപിയിലും അസമിലും കര്‍ണാടകയിലുമുള്ള ഞങ്ങളുടെ സര്‍ക്കാര്‍ ഇത്തരം ആളുകളെ നായ്ക്കളെ പോലെ വെടിവെച്ചുകൊല്ലുകയാണ് ചെയ്തത്. പൊതുമുതല്‍ തീയിട്ടവരുടെ അച്ഛന്റെ സ്വത്താണോ ഇത് ?നികുതി നല്‍കുന്നവരുടെ പണം ഉപയോഗിച്ച് നിര്‍മിക്കുന്ന പൊതുമുതല്‍ നശിപ്പിക്കാന്‍ അവര്‍ക്കെങ്ങനെ കഴിയുന്നു?' -  ഘോഷ് ചോദിച്ചു. 

'പൊതുമുതല്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്യുന്നവരെ ഉത്തര്‍പ്രദേശിലെ പോലെ വെടിവെച്ചുകൊല്ലുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. അവര്‍ ഇവിടെ വരികയും രാജ്യത്തെ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുകയും എന്നിട്ട് രാജ്യത്തിന്റെ സ്വത്ത് നശിപ്പിക്കുകയും ചെയ്യുന്നു. ഇതെന്താ അവരുടെ ഭൂസ്വത്താണോ?'  

രാജ്യത്ത് രണ്ടുകോടി മുസ്ലീം നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ടെന്ന് പറഞ്ഞ ഘോഷ് അവരില്‍ ഒരുകോടി ആളുകളും പശ്ചിമ ബംഗാളില്‍ തന്നെയാണെന്നും മമതാ ബാനര്‍ജി അവരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു 

Content Highlights : Our Govt shot them like dogs, BJP Chief's shocking remark on CAA protester