ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിലവിലെ സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുക്കുമെന്ന് കരസേനാ മേധാവി എം.എം. നരവണെ. സമാധാനത്തിനുള്ള ഇന്ത്യയുടെ ആഗ്രഹം സ്വന്തം കരുത്തില്‍നിന്ന് ഉടലെടുക്കുന്നതാണെന്നും അതിനെ മറ്റുവിധത്തില്‍ ആരും തെറ്റുദ്ധരിക്കേണ്ടെന്നും നരവണെ പറഞ്ഞു. 

അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും വ്യവസ്ഥാപിതമായ മാനദണ്ഡങ്ങള്‍ പാലിച്ച് തുല്യസുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തില്‍ പരിഹരിക്കണം. അതിര്‍ത്തിയില്‍ ഏതെങ്കിലും തരത്തില്‍ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ പ്രതികരണം അതിവേഗത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷം ചൂണ്ടിക്കാട്ടി സൈനിക ദിനത്തിന്‍റെ പശ്ചാത്തലത്തിലാണ് കരസേന മേധാവിയുടെ മുന്നറിയിപ്പ്. 

അതിര്‍ത്തിയിലെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രത്തില്‍ അക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ്‌ ഇതിനോടകം പ്രകടമാക്കിയിട്ടുള്ളതാണെന്നും നരവണെ വ്യക്തമാക്കി.

Content Highlights: Our Desire For Peace Shouldn't Be Mistaken Otherwise: Army Chief