കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം അടിമുടി മാറ്റത്തിന് വിധേയമാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഉചിതമെന്ന് തോന്നുന്നെങ്കില്‍ പാര്‍ട്ടിയും മാറ്റത്തിന് തയ്യാറാകണമെന്ന് ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ വീരപ്പ മൊയ്‌ലി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു 'സര്‍ജിക്കല്‍' നടപടി വേണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് സമാനമായ അഭിപ്രായവുമായി ജയറാം രമേശും രംഗത്തെത്തിയിരിക്കുന്നത്.

നേതൃത്വത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടും ശൈലിയും മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ ധാര്‍ഷ്ട്യം കളയണം. അധികാരത്തിലല്ലാതെ ആറുവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ചിലര്‍ മന്ത്രിമാരെപ്പോലെയാണ് പെരുമാറുന്നത്. പ്രാദേശിക തലത്തിലുള്ള നേതാക്കളെ ശാക്തീകരിക്കുകയും വളര്‍ത്തിക്കൊണ്ടുവരികയും വേണം. അവര്‍ക്ക് സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും നല്‍കണം. ബിഹാറില്‍ കോണ്‍ഗ്രസില്ല, യുപിയില്‍ നാമാവശേഷമായി, എന്നാല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ചണ്ഡിഗഡിലും നാം കരുത്തരാണ്. ഹരിയാണയില്‍ നാം തിരിച്ചുവരും. പാര്‍ട്ടിയെ അനുകമ്പാരഹിതമായി പുനരുജ്ജീവിപ്പിക്കണം.

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പ്രധാന പ്രചാരകനായ അമിത് ഷായ്ക്കുള്ള തിരസ്‌കരണമായിരുന്നു. ഷായുടെ മുഖത്തേറ്റ പ്രഹരമായിരുന്നു അത്. പ്രചാരണത്തിന് അവര്‍ ഉപയോഗിച്ച ഭാഷ, തന്ത്രങ്ങള്‍ എന്നിവ തിരസ്‌കരിക്കപ്പെട്ടു. ഡല്‍ഹി പതിനഞ്ചുവര്‍ഷത്തോളം ഭരിച്ച കോണ്‍ഗ്രസിന്, റോഡുകള്‍, മെട്രോ, എയര്‍പോര്‍ട്ട് തുടങ്ങി ഡല്‍ഹിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിലേറ്റത് കനത്ത പ്രഹരമാണ്.- ജയറാം രമേശ് പറഞ്ഞു. 

കേരളത്തിലെ നേതാക്കളെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കേരള കേന്ദ്രീകൃതമായ ഒരു പാര്‍ട്ടിയല്ല ലക്ഷ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളത്തില്‍ പാര്‍ട്ടിക്ക് ഒരു പ്രത്യേക പദവിയുണ്ട്. കാരണം ഞങ്ങള്‍ മത്സരിക്കുന്നത് സിപിഎമ്മിനോടാണ്. കേരളത്തില്‍ പ്രാവര്‍ത്തികമാകുന്നത് കേരളത്തിന് പുറത്ത് പ്രാവര്‍ത്തികമാകണമെന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് വളരെയധികം ജനസ്വാധീനമുള്ള കേരള നേതാക്കളുണ്ടെങ്കിലും കോണ്‍ഗ്രസിന് കേരള കേന്ദ്രീകൃത പാര്‍ട്ടിയാകാനാകില്ല. 

കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് ശശി തരൂര്‍ എംപി മുന്നോട്ടുവെച്ച ഫോര്‍മുലയെയും അദ്ദേഹം തള്ളി. അധ്യക്ഷ പദവി അഭിപ്രായ ഐക്യത്തിലൂടെ രൂപപ്പെടുന്നതാണെന്നാണ് ജയറാം രമേശ് പറഞ്ഞത്. 'ശശി തരൂര്‍ ഒരു ഇലക്ഷന്‍ ഫോര്‍മുല നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ രണ്ടു അവസരങ്ങളില്‍ മാത്രമാണ് വോട്ടെടുപ്പ് നടത്തിയിട്ടുള്ളത്. തരൂര്‍ എന്തുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് എനിക്ക് മനസ്സിലായിട്ടില്ല.' ജയറാം രമേശ് പറയുന്നു.

Content Highlights: Our arrogance has to go,party has to ruthlessly reinvent itself:Jairam Ramesh