തഴക്കം വന്ന കുച്ചിപ്പുടി, യക്ഷഗാന കലാകാരന്‍ കൂടിയായിരുന്നു അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്. കുച്ചിപ്പുടി നര്‍ത്തകന്റെ മെയ് വഴക്കത്തോടെ കോണ്‍ഗ്രസിലും ദേശീയ രാഷ്ട്രീയത്തിലും ശോഭിച്ച ഓസ്‌കര്‍ ഫെര്‍ണാണ്ടസ് പാര്‍ട്ടിയിലും സര്‍ക്കാരിലും പല പ്രതിസന്ധികളുടെയും പരിഹാര ദൂതനുമായിരുന്നു. ഓസ്‌കറിന്റെ നയചാതുര്യം  പ്രശ്‌നപരിഹാരത്തിനായി പാര്‍ട്ടി പലപ്പോഴും ഉപയോഗിച്ചു.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ പാര്‍ട്ടിക്കുള്ളിലെ ഏറ്റവും വിശ്വസ്തനായിട്ടാണ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അറിയപ്പെട്ടിരുന്നത്. മന്‍മോഹന്‍ സിങ് നയിച്ച ഒന്നാം യു.പി.എ സര്‍ക്കാരില്‍ ഗതാഗതം, റോഡ്, തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ആയും പ്രവര്‍ത്തന മികവ് കാഴ്ചവെച്ചു. നേരത്തെ രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 

കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് അഞ്ച് തവണ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1999 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി രാജ്യസഭ അംഗമായി നാമനിര്‍ദേശം ചെയ്തു. വലിയ രാഷ്ട്രീയ തന്ത്രജ്ഞനായി അറിയപ്പെട്ടിരുന്ന അദ്ദേഹം ബ്രദര്‍ ഓസ്‌കാര്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. നാഗാലാന്‍ഡിലെ വിഘടനവാദികളുമായുള്ള സമാധാന ചര്‍ച്ചകളില്‍ ഉള്‍പ്പടെ ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ തന്ത്രങ്ങള്‍ വലിയ വിജയം കണ്ടിരുന്നു.

ഉഡുപ്പി ബോര്‍ഡ് ഹൈസ്‌കൂളിലെ പ്രിന്‍സിപ്പളായിരുന്ന റോക്വ് ഫെര്‍ണാണ്ടസിന്റെയും ആദ്യ വനിത മജിസ്‌ട്രേറ്റ് ആയിരുന്ന ലിയോനിസ ഫെര്‍ണാണ്ടസിന്റെയും മകനായാണ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം കൃഷിയിലേക്കും ബിസിനസിലേക്കുമെല്ലാം തിരിഞ്ഞ ഓസ്‌കാര്‍ മികച്ച കര്‍ഷകനായി പേരെടുക്കുകയും ചെയ്തിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും ട്രേഡ് യൂണിയന്‍ പ്രവത്തനത്തിലൂടെയുമാണ് അദ്ദേഹം രാഷ്ട്രീയത്തിന്റെ ഭാഗമായത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ഉഡുപ്പിയിലെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി മാറിയ ഓസ്‌കാര്‍ പാര്‍ട്ടിയില്‍ ക്രമേണ വളര്‍ന്ന്‌ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നു.

കുച്ചിപ്പുഡിക്കും യക്ഷഗാനത്തിനും പുറമെ കബഡി, വോളിബോള്‍, യോഗ എന്നുവേണ്ട കൈവച്ച മേഖലയിലെല്ലാം അദ്ദേഹം തിളങ്ങി. നിരവധി സ്ഥനങ്ങളില്‍ അദ്ദേഹം യോഗ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പ് കവിതാ രചനയ്ക്കും സമയം കണ്ടെത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ ഒരു സകലകലാ വല്ലഭനെയും മികച്ച ഒരു രാഷ്ട്രീയ തന്ത്രജ്ഞനെയുമാണ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ നിര്യാണത്തിലൂടെ നഷ്ടമായത്.

Content Highlight: Oscar Fernandes Sonia Gandhi's Trusted Aide, Trained Kuchipudi Dancer