മുംബൈ: ജെ.ഇ.ഇ. മെയിന്‍ അഖിലേന്ത്യ പ്രവേശനപട്ടികയില്‍ 270-ാം റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥിയ്ക്ക് തെറ്റായ ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് നഷ്ടമായത് ആഗ്രഹിച്ച് നേടിയ എന്‍ജിനീയറിങ് പഠനാവസരം. ആഗ്ര സ്വദേശിയായ സിദ്ധാന്ത് ബത്ര എന്ന പതിനെട്ടുകാരനെയാണ് ജീവിതത്തില്‍ നിര്‍ഭാഗ്യം പിന്തുടരുന്നത്. 

ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ട സിദ്ധാന്തിന്റെ അമ്മ രണ്ട് കൊല്ലം മുമ്പ് മരിച്ചതോടെ അവന്‍ തീര്‍ത്തും അനാഥനായി. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന സിദ്ധാന്ത് എന്‍ജിനീറിങ് പ്രവേശനപരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി ഐ.ഐ.ടി. ബോംബെയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ സീറ്റുറപ്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സിദ്ധാന്തിന് സീറ്റ് നഷ്ടമായി. 

ഒക്ടോബര്‍ 18-ന് ഓണ്‍ലൈനിലൂടെയുള്ള പ്രാഥമിക ഘട്ട അലോട്ട്‌മെന്റില്‍ സിദ്ധാന്തിന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ പ്രവേശനാവസരം ലഭിച്ചു. ഒക്ടോബര്‍ 31-ന് അലോട്ട്‌മെന്റിന്റെ പുതിയ വിവരങ്ങള്‍ അറിയാന്‍ വീണ്ടും സൈറ്റ് സന്ദര്‍ശിച്ച സിദ്ധാന്ത് withdraw from seat allocation and further rounds എന്ന ലിങ്ക് കണ്ട് നിലവില്‍ സീറ്റ് ലഭിച്ചവര്‍ക്ക് പിന്‍മാറാനുള്ള ലിങ്കാണെന്ന് തെറ്റിദ്ധരിച്ച് അതില്‍ ക്ലിക്ക് ചെയ്തു. 

നവംബര്‍ 10-ന് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടില്ലാത്തത് കണ്ടതോടെയാണ് സിദ്ധാന്തിന് തനിക്ക് തെറ്റ് പറ്റിയതായി തിരിച്ചറിഞ്ഞത്. 93 പേര്‍ക്കായിരുന്നു ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ പ്രവേശനാവസരം. തുടര്‍ന്ന് സിദ്ധാന്ത് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സിദ്ധാന്തിന്റെ അപേക്ഷ പരിഗണിക്കാന്‍ കോടതി ഐ.ഐ.ടിയ്ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ രജിസ്‌ട്രേഷന്റെ അവസാനദിവസമായ നവംബര്‍ 23-ന് സിദ്ധാന്തിന്റെ അപേക്ഷ ഐ.ഐ.ടി. തള്ളി. 

പ്രവേശനത്തിനുള്ള അപേക്ഷ പിന്‍വലിക്കപ്പെട്ടതില്‍ സ്ഥാപനത്തിന് പങ്കില്ലെന്നും സിദ്ധാന്തിന്റെ പരാതിയ്ക്ക് പരിഹാരം നല്‍കാനാവില്ലെന്നും ഐ.ഐ.ടി. രജിസ്ട്രാര്‍ ആര്‍. പ്രേംകുമാര്‍ അറിയിച്ചു. പ്രവേശനം പൂര്‍ണമായും ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി(JoSSA)യാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രവേശനം പൂര്‍ത്തിയായതായും സീറ്റൊഴിവില്ലാത്തതിനാല്‍ സിദ്ധാന്തിന് അടുത്ത കൊല്ലം പ്രവേശനത്തിന് ശ്രമിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

അധികമായി ഒരു സീറ്റ് സൗകര്യം ലഭിക്കുന്നതിനായി സുപ്രീം കോടതിയെ സിദ്ധാന്ത് സമീപിച്ചിരിക്കുകയാണ്. സിദ്ധാന്തിന്റെ ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. മുത്തച്ഛനും മുത്തശ്ശിയ്ക്കും അമ്മാവനും ഒപ്പമാണ് സിദ്ധാന്ത് ഇപ്പോള്‍ കഴിയുന്നത്. ഒരു കൊല്ലം നഷ്ടമാവാതെ ഈ വര്‍ഷം തന്നെ പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് സിദ്ധാന്ത്.  

Content Highlights: Orphan who ranked 270 in JEE clicks wrong link loses IIT seat