ന്യൂഡല്‍ഹി:  ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ഥ പതിപ്പില്‍ ഹിന്ദു ദൈവങ്ങളുടെയും ഗുരുക്കന്‍മാരുടെയും ചിത്രങ്ങളാണെന്നും ന്യൂനപക്ഷ പ്രീണനത്തേയും വ്യാജ മതേതര വാദത്തേയും തടയുന്നതാണ് ഭരണഘടനയുടെ മൂലരൂപമെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന സെമിനാറിലാണ് മന്ത്രിയുടെ പരാമര്‍ശം. 

ചീഫ് ജസ്റ്റിസ്, മുന്‍ നയതന്ത്ര പ്രതിനിധികള്‍, നിയമ വിദഗ്ദര്‍, തുടങ്ങിയവരുടെ മുന്നില്‍ വെച്ചാണ് മന്ത്രി ഈ അഭിപ്രായപ്രകടനം നടത്തിയത്. ഹിന്ദു ദൈവങ്ങളായ രാമന്‍, കൃഷ്ണന്‍ തുടങ്ങിയവരുടെയും വിവേകാനന്ദ, ഗുരു ഗോവിന്ദ്‌ സിങ് തുടങ്ങിയ ഗുരുക്കന്‍മാരുടെയും ചിത്രങ്ങളാണ് ഭരണഘടനയുടെ മൂലരൂപത്തില്‍ ഉള്ളത്‌. ഇപ്പോഴാണ് ഈ ഭരണഘടന ഉണ്ടാക്കിയിരുന്നതെങ്കില്‍ ഇതില്‍ ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത് കണ്ട് ആളുകള്‍ അമ്പരന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. 

എങ്ങോട്ടാണ് ഈ രാജ്യത്തിന്റെ പോക്ക്. ഇക്കാര്യങ്ങള്‍ നമ്മള്‍ പ്രതിഫലിപ്പിക്കേണ്ടതുണ്ട്. വിഷയം ചര്‍ച്ചയാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്- രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ന് വിവേകാനന്ദന്റെ ജന്‍മദിനമാണെന്നു പറഞ്ഞ അദ്ദേഹം എല്ലാവരും ഭരണഘടനയുടെ മൂലരൂപം നോക്കണമെന്നും അഭ്യര്‍ഥിച്ചു. 

ഭരണഘടനയ്ക്ക് രൂപം നല്‍കുന്ന ഘട്ടത്തില്‍ ഇക്കാര്യത്തില്‍ അന്ന് ഭരണഘടനാ നിര്‍മാണ സഭയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്ന് നെഹ്‌റു, മൗലാനാ ആസാദ്, അംബേദ്കര്‍ എന്നിവരുള്‍പ്പെടുന്ന നന്ദലാല്‍ ബോസ് കമ്മീഷനാണ് ഭരണഘടനയെ ഇത്തരത്തില്‍ അലങ്കരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മൗലികാവകാശങ്ങളെ സംബന്ധിച്ച പേജിന്റെ മുകളില്‍ നല്‍കിയിരിക്കുന്നത്‌ ലങ്കാ വിജയത്തിന് ശേഷം രാമന്‍, ലക്ഷ്മണന്‍, സീത എന്നിവര്‍ അയോധ്യയിലേക്ക് പോകുന്നതിന്റെ ചിത്രമാണെന്നും രവിശങ്കര്‍ പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളുടെ നിര്‍ദ്ദേശക തത്വങ്ങള്‍ പ്രതിപാദിക്കുന്ന പേജില്‍ അര്‍ജുനന് ഗീതോപദേശം നല്‍കുന്ന കൃഷ്ണന്റെ ചിത്രമുണ്ടെന്നും മാത്രമല്ല ഇതില്‍ വിക്രമാദിത്യന്‍, അശോകന്‍ എന്നീ രാജാക്കന്‍മാരുടെ രാജസദസിന്റെ ചിത്രങ്ങളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

ഇപ്പോഴാണ് ഭരണഘടനാ നിര്‍മാണ സഭ വിളിച്ചുകൂട്ടുന്നതെങ്കില്‍ ഇവ യൊക്കെ ചെയ്യാന്‍ സാധിക്കുമായിരുന്നോയെന്നും അദ്ദേഹം ചോദിക്കുന്നു. നമ്മള്‍ എവിടെ നിന്നാണ് വരുന്നതെന്നകാര്യം അറിയേണ്ടതുണ്ട്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായത് ഭരണഘടന നിര്‍ദ്ദേശിച്ചതുകൊണ്ടല്ല മറിച്ച് അത് നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായതുകൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.