ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മാട്ടിറച്ചി വില്‍പ്പന്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് റദ്ദാക്കി. മാട്ടിറച്ചിയുടെ വില്‍പ്പനയും പശുക്കളെ കൊല്ലുകയും ചെയ്യുന്നത് സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാന നിയമസഭയ്ക്കാണെന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസുമാരായ മുസാഫര്‍ ഹുസൈന്‍ അട്ടാര്‍, അലി മുഹമ്മദ് മഗ്രെ, താണ്ടി റബ്‌സ്താന്‍ എന്നിവരടങ്ങിയ ബഞ്ച് നേരത്തെ ഹൈക്കോടതിയുടെ ജമ്മു ബഞ്ച് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയത്. ബീഫ് നിരോധനം കര്‍ശനമായി നടപ്പിലാക്കണമെന്ന ജമ്മു ബഞ്ചിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളി.

ബീഫ് നിരോധന വിഷയത്തില്‍ സംസ്ഥാനത്തെ ഹൈക്കോടതിയിലെ ജമ്മു, ശ്രീനഗര്‍ ബഞ്ചുകള്‍ വ്യത്യസ്തമായ വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ഹൈക്കോടതി പ്രത്യേക മൂന്നംഗ ബഞ്ച് രൂപവത്‌രിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബീഫ് നിരോധനം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ജമ്മു ബഞ്ചിന്റെ ഉത്തരവ് കശ്മീരില്‍ വലിയ രാഷ്ട്രീയ പ്രശ്‌നമായും മാറിയിരുന്നു. സംസ്ഥാന നിയമസഭയില്‍ അംഗങ്ങള്‍ തമ്മിലുള്ള കൈയാങ്കളിയില്‍ വരെ ഇത് കലാശിച്ചു.