ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനു രാഷ്ട്രീയം ദിശാബോധം ഇല്ലാതായിരിക്കുന്നുവെന്നും കര്‍ഷക ബില്ലിനെതിരേയും മറ്റ് വിഷയങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍ അഭിപ്രായം പറയാമെന്നിരിക്കെ അവര്‍ സഭ ബഹിഷ്‌കരിക്കുകയാണ് ചെയ്തതെന്നും കേന്ദ്രമന്ത്രി പ്രകാശ്  ജാവഡേക്കര്‍. രാജ്യസഭക്കുള്ളിലെ പ്രതിപക്ഷത്തിന്റെ പ്രകടനം അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.   

"പാര്‍ലമെന്റില്‍ അവരുടെ ശബ്ദം ഉയര്‍ത്തുന്നതിനും അഭിപ്രായങ്ങള്‍ പറയുന്നതിനും അവകാശമുണ്ടെന്നിരിക്കെ അവര്‍ ഇറങ്ങിപ്പോവുകയാണ് ചെയ്തത്. എന്നിട്ട് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്നു. അവര്‍ രാഷ്ട്രപതിയെ കാണുന്നു, അതിനായി ഇനിയും 300 ദിവസങ്ങള്‍ അവശേഷിക്കുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ 70-80 ദിവസങ്ങള്‍ വരെയാണ് ഉണ്ടാവുക. അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്ന് ഞങ്ങള്‍ ആരെയും വിലക്കിയിട്ടില്ല."- ജാവഡേക്കര്‍ പറഞ്ഞു.  

കാര്‍ഷികരംഗവുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ ബില്ലുകള്‍ ചര്‍ച്ച ചെയ്യവെ പ്രതിപക്ഷം നടത്തിയ പ്രകടനം സഭക്ക് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക ബില്ലിനെ ചൊല്ലിയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ എട്ട് എം പിമാരെ രാജ്യസഭ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എം.പിമാരുടെ സസ്പെന്‍ഷനു പിന്നാലെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്‌കരിച്ചു. എന്നാല്‍ ബുധനാഴ്ച തൊഴില്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ ഉള്‍പ്പെടെ രാജ്യസഭ പാസാക്കിയിരുന്നു.

Content Highlights: Oppositions politics directionless says Prakash Javadekar