ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങളെച്ചൊല്ലി പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ച ഇരുസഭകളിലും ഇന്ന് തുടരും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ഇരുസഭകളിലും പ്രതിഷേധിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.

കാര്‍ഷികനിയമങ്ങളെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ വാഗ്വാദത്തില്‍ ബുധനാഴ്ചയും പാര്‍ലമെന്റ് പ്രക്ഷുബ്ദമായിരുന്നു. മൂന്നു നിയമങ്ങളും ഉടന്‍ പിന്‍വലിക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അഭിമാനപ്രശ്‌നം തോന്നേണ്ടതില്ലെന്നും പ്രതിപക്ഷം പറഞ്ഞു. കര്‍ഷകസമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാംദിവസമാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം നടക്കുന്നത്. 

വിഷയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാമെന്ന് സര്‍ക്കാരും പ്രത്യേക ചര്‍ച്ചവേണമെന്ന് പ്രതിപക്ഷവും ശഠിച്ചതോടെയാണ് ലോക്‌സഭയില്‍ ബഹളം കനത്തത്. നിമിഷങ്ങള്‍ മാത്രമാണ് ബുധനാഴ്ചയും ലോക്സഭ സമ്മേളിച്ചത്. നിയമങ്ങള്‍ക്കെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടുതവണ നിര്‍ത്തിവെച്ചു. 

ഇതിനിടെ സ്വീഡിഷ് പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബേയും അമേരിക്കന്‍ പോപ് ഗായികയും നടിയുമായ റിഹാന ഫെന്റിയും കര്‍ഷകര്‍ക്ക് ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചതോടെ ബുധനാഴ്ച പൊടുന്നനെ സമരത്തിന് പുതിയൊരു മാനം കൈവന്നു. ഇതിന് മറുപടിയായി 'ഇന്ത്യ ഒറ്റക്കെട്ട്' പ്രചാരണത്തിന് ട്വിറ്ററില്‍ തുടക്കമിട്ട് ആഭ്യന്തരമന്ത്രി അമിത്ഷാ രംഗത്തെത്തി. 

Content Highlights : opposition will continue to protest in parliament over farm laws