
പ്രതിപക്ഷ പാർട്ടി നേതാക്കൾ ഡൽഹിയിൽ യോഗംചേർന്നപ്പോൾ | ഫോട്ടോ: എ.എൻ.ഐ
ന്യൂഡല്‍ഹി: രാജ്യസഭാ എംപിമാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. എംപിമാരെ സസ്പെന്‍ഡ് ചെയ്ത വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യം വൈകി പരിഗണിച്ചതിലും അഞ്ച് പാര്‍ട്ടികളെ മാത്രം യോഗത്തിന് വിളിച്ചതിലുമുള്ള പ്രതിഷേധം പ്രതിപക്ഷം നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.
ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ആണ് കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗം ബഹിഷ്കരിക്കുന്നതായി അറിയിച്ചത്. സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കില്ല. 12 എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കാനും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെടും. കൂടാതെ, പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെടുത്തുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
രാജ്യസഭാ എംപിമാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ ചര്‍ച്ച നടത്തുന്നതിന് ഏതാനും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ മാത്രം ക്ഷണിച്ച നടപടിയില്‍ കോണ്‍ഗ്രസും സിപിഎമ്മും നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിക്കുന്നതിനു പകരം അഞ്ച് പാര്‍ട്ടികളെ മാത്രം വിളിച്ചത് ദൗര്‍ഭാഗ്യകരമായ നടപടിയാണെന്ന് സി.പി.എം എം.പി എളമരം കരീം പറഞ്ഞു. എല്ലാ പ്രതിപക്ഷ കക്ഷികളെയും ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയച്ചു.
എംപിമാരുടെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട് എല്ലാ പ്രതിപക്ഷ കക്ഷികളും പ്രതിഷേധിച്ചിരുന്നതായി മല്ലികാര്‍ജുര്‍ ഖാര്‍ഗെ വ്യക്തമാക്കി. വിഷയം ചര്‍ച്ചചെയ്യുന്നതിന് യോഗം വിളിക്കാന്‍ രാജ്യസഭാ ചെയര്‍മാനോട് സസ്പെന്ഷന് വന്ന നവംബര്‍ 29 മുതല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്. ഒടുവില്‍ ഏതാനും പാര്‍ട്ടികളെ മാത്രം ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് നീതീകരിക്കാനാകാത്തതും ദൗര്‍ഭാഗ്യകരവുമാണെന്ന് പ്രഹ്ലാദ് ജോഷിക്ക് നല്കിയ മറുപടിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നത്. സിപിഎം എംപി എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം എന്നിവരടക്കം 12 എംപിമാര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്. ശീതകാല സമ്മേളനം അവസാനിക്കാന്‍ നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്ത വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത് എന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
Content Highlights: Opposition to boycott meeting called by Centre to discuss suspension of Rajya Sabha MPs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..