Photo: ANI
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പ്രതിസന്ധി വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി.)യുടെ അന്വേഷണമോ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അന്വേഷണത്തിന്റെ പ്രതിദിന റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും രാജ്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് വിഷയത്തില്‍ ജെ.പി.സിയുടെയോ അല്ലെങ്കില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലോ ഉള്ള സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, പ്രതിപക്ഷ കക്ഷിനേതാക്കള്‍ പാര്‍ലമെന്റില്‍ യോഗം ചേരുകയും അദാനിവിഷയം പാര്‍ലമെന്റിന്റെ ഇരുസഭയിലും ഉന്നയിക്കാന്‍ തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു. ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സഭാധ്യക്ഷന്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷം ഇരുസഭയിലും ബഹളംവെച്ചു. ഇതിന് പിന്നാലെ രണ്ടുമണിവരെ ഇരുസഭകളും നിര്‍ത്തിവെച്ചിരുന്നു.
നിര്‍ബന്ധിച്ച് നിക്ഷേപം നടത്തിച്ചതുമൂലം എല്‍.ഐ.സി., എസ്.ബി.ഐ., മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈയടുത്ത ദിവസങ്ങളില്‍ വലിയ നഷ്ടം വരികയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ സമ്പാദ്യം അപകടത്തിലാവുകയും ചെയ്തു. ഇതില്‍ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ കൂട്ടായ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും രണ്ടുമണിവരെ നിര്‍ത്തിവെച്ചതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയ്‌റാം രമേഷ് പറഞ്ഞു.
സമ്പാദ്യം നിക്ഷേപിച്ചിരിക്കുന്ന പൊതുമേഖലാ ബാങ്കുകളും സ്ഥാപനങ്ങളും അദാനിക്ക് പണം നല്‍കിയിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ പരിഭ്രാന്തിയിലാണെന്ന് സമാജ് വാദി പാര്‍ട്ടി എം.പി. രാം ഗോപാല്‍ യാദവ് പറഞ്ഞു.
Content Highlights: opposition seeks jpc or supreme court monitored inquiry in adani crisis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..