രാഹുൽ ഗാന്ധി, ശശി തരൂർ, മല്ലികാർജുൻ ഖാർഗെ | ഫോട്ടോ:twitter.com/INCIndia, PTI
ന്യൂഡല്‍ഹി: അപകീര്‍ത്തി പ്രസംഗത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നേതാക്കള്‍. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പിയുടേതെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ചോദ്യം ചോദിക്കുന്നവരെ ശിക്ഷിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
നടപടിയുടെ വേഗം ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ ആരോപിച്ചു. ഇത്തരം നടപടികള്‍ ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സത്യം പറയുന്നവരെ കേന്ദ്രം അധികാരം ഉപയാഗിച്ച് തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കഴിയില്ലെന്ന് ജയറാം രമേശും പ്രതികരിച്ചു.
രാഹുലിന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി രംഗത്തെത്തി. മോദിയുടെ ഇന്ത്യയില്‍ പ്രതിപക്ഷം വേട്ടയാടപ്പെടുന്നുവെന്ന് മമത കുറ്റപ്പെടുത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കള്‍ മന്ത്രിസഭയില്‍ ഇടംകണ്ടെത്തുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ പ്രസംഗത്തിന്റെ പേരില്‍ അയോഗ്യരാക്കപ്പെടുന്നുവെന്നും മമത ചൂണ്ടിക്കാട്ടി.
ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ കഴിയില്ലെന്നും കോൺഗ്രസ് വിശ്വസിക്കുന്നത് ജനാധിപത്യത്തിലും നിയമ വ്യവസ്ഥയിലുമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നിയമപോരാട്ടം തുടരുമെന്നും സത്യം ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണം- എ.കെ ആന്റണി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നീക്കങ്ങളെ കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി. സൂറത്ത് കോടതി രാഹുലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനു പിന്നാലെ അദ്ദേഹത്തെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു ആന്റണി.
ഇന്ത്യയില്‍ ജനാധിപത്യം തുടരുമോ, അതോ നിയന്ത്രിത ജനാധിപത്യത്തിലേക്ക് മാറുമോയെന്ന് ആശങ്കപ്പെടുത്തുന്ന സംഭവ വികാസങ്ങളാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്നത്. രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈഘട്ടത്തില്‍ ജനാധിപത്യം നിയന്ത്രിക്കാനുള്ള മോദി സര്‍ക്കാരിന്റെ ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ എല്ലാം മറന്ന് ഒരുമിച്ച് നിന്ന് പോരാടണമെന്ന് എ.കെ.ആന്റണി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരായി ആസൂത്രിത നീക്കം നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബിജെപിയും മോദിയും എന്തുകൊണ്ടോ രാഹുല്‍ ഗാന്ധിയെ ഭയപ്പെടുന്നു. അതുകൊണ്ടാണ് തുടരെതുടരെ രാഹുല്‍ ഗാന്ധിക്കെതിരെ ഇത്തരം നീക്കങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഗുജറാത്തിലെ സൂറത്തില്‍ കേസെടുക്കുന്നതും ഭാരത് ജോഡോ യാത്രയില്‍ ശ്രീനഗറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ നാല്‍പത്തിയഞ്ച് ദിവസം കഴിഞ്ഞ് ഡല്‍ഹി പൊലീസ് കേസെടുക്കുന്നതും അതുകൊണ്ടാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി രാഹുല്‍ ഗാന്ധിക്കെതിരായി ബിജെപിയും ആര്‍എസ്എസും മുപ്പത്തിലേറെ കേസുകള്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. ഇത് സൂചിപ്പിക്കുന്നത് രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്തുന്നതിനായി ഏതറ്റവരെയും പോകുമെന്നാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അദ്ദേഹത്തിനെതിരെ സൂറത്ത് കോടതി തന്നെ മുപ്പത് ദിവസത്തേക്ക് കോടതി വിധി സ്റ്റേ് ചെയ്ത് അപ്പീല്‍ നല്‍കാനുള്ള സാഹചര്യത്തില്‍ അതൊന്നും വകവയ്ക്കാതെ അദ്ദേഹത്തെ അയോഗ്യനാക്കി പ്രഖ്യാപിച്ചത്.
ഇത് രാഹുല്‍ ഗാന്ധിയുടെയോ കോണ്‍ഗ്രസിന്റെയോ പ്രശ്നമല്ല. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരായി ശബ്ദിക്കുന്നവര്‍ക്കെതിരെ അവരെ നിശബ്ദരാക്കാനുള്ള സംഘടിതമായ ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും നീങ്ങുകയാണ്. അതിനാല്‍ ഈ കാലഘട്ടത്തില്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ എല്ലാം മറന്ന് ഒരുമിച്ച് നിന്ന് പോരാടണമെന്ന് എ.കെ.ആന്റണി പറഞ്ഞു.
ജനാധിപത്യ സംവിധാനത്തെ നിശ്ശബ്ദമാക്കാനുള്ള ഹീനശ്രമം- മുല്ലപ്പള്ളി രാമചന്ദ്രന്‍
വടകര: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയുള്ള ലോക് സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം അങ്ങേയറ്റം ധൃതി പിടിച്ചാണെന്ന് മുന്‍ കെ.പി.സി.സി. അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ വായ മൂടിക്കെട്ടി ജനാധിപത്യ സംവിധാനത്തെ നിശ്ശബ്ദമാക്കാനുള്ള ഹീന ശ്രമമാണ് നരേന്ദ്ര മോഡിയും സംഘ് പരിവാര്‍ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്നത്, ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
അനുദിനം രാജ്യം ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെയും നിര്‍ഭയമായ അഭിപ്രായ സ്വാതന്ത്ര്യത്തെയും ഒരിക്കലും മാനിക്കാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. ജനാധിപത്യ മതേതര വിശ്വാസികളുടെ നിര്‍ലോപമായ പിന്തുണ രാഹുല്‍ ഗാന്ധിക്കുണ്ട്. സംഘ പരിവാര്‍ ശക്തി കളുടെ ഫാസിസ്റ്റ് കലാപരിപാടികളെ രൂക്ഷമായി വിമര്‍ശിക്കുകയും തുറന്നു കാട്ടുകയും ചെയ്യുന്നതില്‍ ശക്തമായ നേതൃത്വമാണ് രാഹുല്‍ നല്‍കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Content Highlights: Opposition Reacts To Rahul Gandhi's Disqualification
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..