രാജ്യസഭയിൽ പ്രതിഷേധിച്ചതിന് സസ്പെന്റ് ചെയ്യപ്പെട്ട ഇടത് എംപിമാർ ഡൽഹി വിജയ് ചൗക്കിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ|മാതൃഭൂമി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്തതിനെതിരേ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ നടത്തും ബുധനാഴ്ച മുതല്‍ 10 മുതല്‍ വൈകിട്ട് ആറ് വരെ ഗാന്ധിപ്രതിമക്ക് മുന്നിലാണ് പ്രതിഷേധം. സസ്പെന്‍ഷനെ നിയമപരമയി നേരിടുമെന്നും പ്രതിപക്ഷ എംപിമാര്‍ വ്യക്തമാക്കി.
ബുധനാഴ്ച മുതല്‍ സഭാ സമ്മേളനം തീരും വരെയാണ് എംപിമാര്‍ പാര്‍ലമെന്റ് വളുപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണ ഇരിക്കുക. ധര്‍ണ തുടങ്ങുമ്പോള്‍ മറ്റ് പ്രതിപക്ഷ എംപിമാര്‍ ഇതിന്റെ ഭാഗമായും. സഭ തുടങ്ങുമ്പോള്‍ അവര്‍ സഭയിലേക്ക് പോകും. ഇതോടൊപ്പം കോടതിയില്‍ ചോദ്യം ചെയ്യാനാണ് നീക്കം. ഇക്കാര്യത്തില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് കിട്ടിയ ഉപദേശം. സഭക്കുള്ളില്‍ നടന്ന കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കുമോ എന്ന ആശയക്കുഴപ്പമുള്ളതിനാല്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടും. അതിന്റെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിക്കും.
ഇതിനിടെ വിഷയത്തില്‍ കോടതിയെ സമീപിക്കാന്‍ കഴിയുമോയെന്ന് ആലോചിക്കുകയാണെന്ന് ബിനോയ് വിശ്വം എംപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തിന്റെ പേരില്‍ മാപ്പ് പറയാന്‍ തങ്ങള്‍ സവര്‍ക്കറല്ല. മുട്ടുകുത്തി മൂന്ന് മാപ്പപേക്ഷ എഴുതിയ പാരമ്പര്യം തങ്ങളുടേതല്ല. ആ പാരമ്പര്യത്തിന്റെ ബന്ധുക്കള്‍ക്ക് മാത്രമേ മാപ്പ് ഇരക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ഒരു സഭാ സമ്മേളനത്തിലുണ്ടായ പ്രതിഷേധത്തിന് അടുത്ത സമ്മേളനത്തില്‍ നടപടി എടുക്കാന്‍ സാധിക്കില്ലെന്ന് എളമരം കരീം എംപിയും പറഞ്ഞു. ചട്ടവിരുദ്ധമായ നടപടിക്കെതിരേ പ്രതിഷേധം കടുപ്പിക്കുമെന്നും. തിരഞ്ഞുപിടിച്ച് ചില ആളുകളുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ്. ഇത് രാഷ്ട്രീയമാണ്, അതിനെ രാഷ്ട്രീയമായി നേരിടും. ഒരു തരത്തിലും സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ് ബില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് 12 പ്രതിപക്ഷ എം.പി.മാര്‍ക്ക് സസ്പെന്ഷന് ലഭിച്ചത്. സി.പി.എം. രാജ്യസഭാകക്ഷി നേതാവ് എളമരം കരീം, സി.പി.ഐ. രാജ്യസഭാകക്ഷി നേതാവ് ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് ശീതകാലസമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളില്‍ വിലക്ക്. കോണ്‍ഗ്രസില്‍നിന്ന് ആറുപേരും തൃണമൂല്‍ കോണ്‍ഗ്രസിലും ശിവസേനയിലുംനിന്ന് രണ്ടുപേര്‍ വീതവും സസ്പെന്‍ഷനിലായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..