പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം. 28ന് നടക്കുന്ന പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം, ഒറ്റക്കെട്ടായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചു.
ഉദ്ഘാടനം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എന്‍സിപി, ആര്‍ജെഡി, എഎപി, ജെഡിയു, ഡിഎംകെ, എസ്.പി, ശിവസേന ഉദ്ദവ് വിഭാഗം, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എം, ജെഎംഎം, എന്‍.സി, ആര്‍എല്‍ഡി, ആര്‍എസ്പി, വിസികെ, എംഡിഎംകെ എന്നീ 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന ഇറക്കി. ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് സ്വന്തം പ്രസ്താവയാകും ഇറക്കുക.
പാര്‍ലമെന്റിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യേണ്ട പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണഘടനാപരമായ ഔചിത്യത്തിന്റെ ലംഘമാണ് ഇതെന്നും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നു.
ഉദ്ഘാടന പരിപാടിയില്‍ രാഷ്ട്രപതിയെ അവഗണിച്ചത് അവഹേളനം മാത്രമല്ല ജനാധിപത്യത്തോടുള്ള അതിക്രമവുമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
'സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ തക്കതായ പ്രതിഷേധം ഉയരണം എന്ന് കരുതുന്നു. രാഷ്ട്രപതി ഇന്ത്യയുടെ ഭരണത്തലവന്‍ മാത്രമല്ല പാര്‍ലമെന്റിന്റെ പ്രധാന ഭാഗവുമാണ്. രാഷ്ട്രപതിയില്ലാതെ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് രാഷ്ട്രപതിയെ അവഹേളിക്കുന്നതാണ്. ഭരണഘടനാ തത്വങ്ങളെ ലംഘിക്കുന്ന നടപടി. ആദ്യ ആദിവാസി രാഷ്ട്രപതി എന്ന രാജ്യത്തിന്റെ ആഘോഷത്തെ ഈ നടപടി ഇല്ലാതാക്കും' പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരം പണിതതിനേയും പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ട്. ഭാരിച്ച ചിലവ് വരുത്തി പാര്‍ലമെന്റ് പണി തുടങ്ങിയത് നൂറ്റാണ്ടിലെ വലിയ പകര്‍ച്ച വ്യാധി രാജ്യത്തെ പിടികൂടിയപ്പോഴാണ്. രാജ്യത്തെ ജനങ്ങളോടോ എംപിമാരോടോ ആലോചിക്കാതെയാണ് പ്രവൃത്തികള്‍ ആരംഭിച്ചതെന്നും ഇതില്‍ പറയുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ദളിതരേയും ആദിവാസികളേയും സ്ത്രീകളേയും അപമാനിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
തങ്ങളും പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എംപി കേശവ റാവു പറഞ്ഞു. ഔദ്യോഗിക തീരുമാനം നാളെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
2020 ഡിസംബറില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും കോണ്‍ഗ്രസും മറ്റ് നിരവധി പ്രതിപക്ഷ പാര്‍ട്ടികളും ബഹിഷ്‌കരിച്ചിരുന്നു. രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും അവണിച്ചെന്ന ആരോപണങ്ങള്‍ക്കിടെ ഉദ്ഘാടന ദിനത്തില്‍ ഇവരുടെ സന്ദേശം ഇറക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നുണ്ട്.

കോണ്‍ഗ്രസ് ഭരണകാലത്ത് പാര്‍ലമെന്റിന്റെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളൊക്കെ പ്രധാനമന്ത്രിമാരാണ് ഉദ്ഘാടനം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രതിരോധവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ ജന്തര്‍മന്തറില്‍ സമരം ചെയ്തുവരുന്ന ഗുസ്തി താരങ്ങള്‍ 28ന്- പുതിയ പാര്‍ലമെന്റ് വളഞ്ഞ് സമരവും പ്രതിഷേധവും നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
28-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് പാര്‍ലമെന്റിലെ രണ്ട് സഭകളിലേയും എല്ലാ എംപിമാര്‍ക്കും ക്ഷണമുണ്ട്. കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ക്കും ക്ഷണമുണ്ട്.
Content Highlights: Opposition parties to skip Parliament inauguration, more may follow
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..