ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപവത്കരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡിസംബര്‍ പത്തിന് ന്യൂഡല്‍ഹിയില്‍ ചേരും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് മഹാസഖ്യ രൂപവത്കരണ ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തേക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനും അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനും തൊട്ടുമുമ്പാണ് യോഗം. എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡു മഹാസഖ്യ നീക്കങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എത്തരത്തിലുള്ള പോരാട്ടം നടത്തണമെന്ന് യോഗം ചര്‍ച്ചചെയ്യും. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, നോട്ട് അസാധുവാക്കല്‍, റഫാല്‍ ഇടപാട് എന്നിവയില്‍ കേന്ദ്രസര്‍ക്കാരിനെ പാര്‍ലമെന്റില്‍ എങ്ങനെ പ്രതിരോധിക്കണമെന്നും യോഗം ചര്‍ച്ചചെയ്യും. വിശാലസഖ്യ രൂപവത്കരണ ശ്രമങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, എന്‍.സി.പി നേതാവ് ശരദ് പവാര്‍, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ബി.എസ്.പി നേതാവ് മായാവതി തുടങ്ങിയവരുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യതലസ്ഥാനത്ത് നടന്ന കര്‍ഷക റാലിയില്‍ പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ചെത്തിയതിന് പിന്നാലെയാണ് വിശാലസഖ്യം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട യോഗം.